ന്യൂഡൽഹി: സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമടക്കം 13 ഇടങ്ങളില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് കാണിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ. ഛത്തീസ്ഗഡ്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ഡല്‍ഹി, ഗുജറാത്ത്, ജാർഖണ്ഡ്, ലഡാക്ക്, ലക്ഷദ്വീപ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ ഇടങ്ങളിലാണ് കൊവിഡ് കേസുകളിൽ കുറവ് കാണിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം മെയ് ഒന്നിന് ഇന്ത്യയിൽ പ്രതിദിനം 4,01,993 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് മെയ് രണ്ടിന് 392,488 ആയി. മെയ് മൂന്നിന് 368,147 കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊവിഡ് മരണങ്ങളുടെ എണ്ണത്തിലും ഇതേ പ്രവണതയാണ് രാജ്യത്ത് ഉള്ളത്. മെയ് ഒന്നിന് 3,523, മെയ് രണ്ടിന് 3,689, മെയ് മൂന്നിന് 3,417 എന്നിങ്ങനെയാണ് പ്രതിദിന കൊവിഡ് മരണങ്ങളുടെ എണ്ണം. കഴിഞ്ഞ ഏഴ് ദിവസങ്ങളായി പ്രതിദിന കൊവിഡ് കേസുകളുടെ നിരക്ക് 0.6 ശതമാനമാണ്.
അതേസമയം, ആൻഡമാൻ നിക്കോബാർ ദ്വീപ്, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ബിഹാർ, ചണ്ഡീഗഡ്, ഗോവ, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കർണാടക, കേരളം, മണിപ്പൂർ, മേഘാലയ, മിസോറാം, ഒഡീഷ, പുതുച്ചേരി, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പ്രതിദിന കേസുകളുടെ എണ്ണം വർധിക്കുന്നതായി കാണാമെന്നും ലവ് അഗർവാൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 15 ദിവസങ്ങളിൽ ഇന്ത്യയിലുടനീളം സജീവ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായത് ശ്രദ്ധേയമാണ്. 17 സംസ്ഥാനങ്ങളിൽ 50,000 ൽ താഴെ സജീവ കേസുകളാണുള്ളത്. ഏഴ് സംസ്ഥാനങ്ങളിൽ 50,000 മുതൽ ഒരു ലക്ഷം വരെ സജീവ കേസുകളും 12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുമാണുള്ളത്. അഞ്ച് സംസ്ഥാനങ്ങളിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്, ഒമ്പത് സംസ്ഥാനങ്ങളിൽ ഇത് അഞ്ച് മുതൽ 15 ശതമാനവും 22 സംസ്ഥാനങ്ങളിൽ ഇത് 15 ശതമാനത്തിൽ കൂടുതലുമാണെന്നും ലവ് അഗർവാൾ പറഞ്ഞു.
ഒന്നും രണ്ടും വാക്സിനുകളടക്കം രാജ്യത്ത് ഇതുവരെ 15.72 കോടി വാക്സിനുകളാണ് വിതരണം ചെയ്തിട്ടുള്ളത്. മെയ് ഒന്നിന് ആരംഭിച്ച മൂന്നാം ഘട്ട വാക്സിനേഷനിൽ 12 സംസ്ഥാനങ്ങളാണ് ഇതുവരെ പങ്കെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ സംസ്ഥാനങ്ങൾ ദൗത്യത്തിൽ പങ്കാളികളാകുമെന്നും എല്ലാ വാക്സിൻ നിർമാതാക്കളും ഉത്പാദനം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
10 കോടി കൊവിഷീൽഡ് വാക്സിനുകൾക്കായി 1732 കോടി രൂപ ഇതിനകം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്ഐഐ) നൽകിയതായി അഗർവാൾ പറഞ്ഞു. ഇതിൽ 8.7 കോടി വാക്സിനുകൾ മെയ്-ജൂൺ-ജൂലൈ മാസങ്ങളിൽ ലഭിക്കും. കൂടാതെ അഞ്ച് കോടി ഡോസ് കൊവാക്സിൻ വാങ്ങുന്നതിനായി 787 കോടി രൂപയാണ് ഭാരത് ബയോടെക്കിന് നൽകിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രികളും കൊവിഡ് കെയർ സെന്‍റുകളും ഓക്സിജൻ ഉപയോഗപ്പെടുത്തണമെന്നും അഗർവാൾ പറഞ്ഞു. ഓക്സിജന്‍റെ ന്യായമായ ഉപയോഗത്തിലൂടെ സിലിണ്ടറുകളുടെ ബ്ലാക്ക് മാർക്കറ്റിങ് തടയാനാകുമെന്നും അഗർവാൾ പറഞ്ഞു.