ലഖ്‌നൗ: ദേശീയ മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതിയെത്തുടർന്ന് അലിഗഡ് ജില്ലാ ഭരണകൂടം ബൻസാലിയിലെ ഇഷ്ടിക ചൂളയിൽ നിന്ന് 127 കരാർ തൊഴിലാളികളെ രക്ഷപ്പെടുത്തി നാട്ടിലേക്കയച്ചു. രക്ഷപ്പെടുത്തിയവരിൽ 67 കുട്ടികളും ഉൾപ്പെടുന്നു.
ചൂള ഉടമയുടെ ബന്ധു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ഇയാള്‍ക്കെതിരെ കഴിഞ്ഞ മാസം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തു. ഹോളി ദിനത്തിലും ജോലി സ്ഥലത്ത് ലൈംഗികാതിക്രമം നടന്നുവെന്നും 20കാരനായ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും ഇഗ്ലാസ് സർക്കിൾ ഓഫിസർ മൊഹ്സിൻ ഖാൻ പറഞ്ഞു. ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി സബ് ഡിവിഷണൽ മജിസ്ട്രേട്ട് കുൽദേവ് സിങ് 3 അംഗ കമ്മിറ്റി രൂപീകരിച്ചു.
ഇഷ്ടിക ചൂളയുടെ ഉടമയായ ശ്രീ രാധെ ഈത് ഉദ്യോഗ്, മുന്നി ദേവി, മകൻ ജിതേന്ദ്ര സിങ് എന്നിവർക്കെതിരെ മൂന്ന് വർഷം വരെ തടവും 2,000 രൂപ പിഴയും ലഭിക്കാവുന്ന 1976 ലെ അടിമവേല നിരോധന നിയമത്തിലെ 16, 17 വകുപ്പുകൾ പ്രകാരം കേസെടുത്തു. കരാർ തൊഴിലാളികളുടെ രേഖകൾ പരിപാലിക്കാത്തതിന് ഉടമയ്‌ക്കെതിരെ കേസെടുക്കും. ഇതിനുപുറമെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് അഞ്ചിലധികം തൊഴിലാളികളെ നിയമിക്കുന്നതിന് ലൈസൻസ് ആവശ്യമാണെന്ന 1979ലെ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമത്തിന്‍റെ ലംഘനവും കേസിൽ ഉണ്ടായിട്ടുണ്ട്.
കേസിന്‍റെ വിചാരണ പൂർത്തിയായ ശേഷം തൊഴിലാളികളുടെ പുനരധിവാസം നടത്താനും നഷ്ടപരിഹാരം നൽകാനും ബീഹാറിലെ തൊഴിൽ വകുപ്പിനെ അറിയിച്ചു.