കൊൽക്കത്ത: അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് ഇൻഡോ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം മൂന്ന് തെലങ്കാന യുവാക്കളെയും ഒൻപത് ബംഗ്ലാദേശ് പൗരൻമാരെയും പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് തെലങ്കാന യുവാക്കൾ ഹക്കിംപൂർ അതിർത്തിയിലൂടെ ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിച്ചതായും അവരുടെ പക്കൽ ബംഗ്ലാദേശിലേക്ക് പോകാനുള്ള രേഖകളുണ്ടായിരുന്നില്ലെന്നും ബി.എസ്.എഫ് വൃത്തങ്ങൾ അറിയിച്ചു. ഇവരെ ബി.എസ്.എഫ് അറസ്റ്റ് ചെയ്ത് സ്വരൂപനഗർ പൊലീസിന് കൈമാറി.
ഹക്കിംപൂർ അതിർത്തിയിൽ നിന്ന് രണ്ടു കുട്ടികളടക്കം ബംഗ്ലാദേശിൽ നിന്നുള്ള ഒൻപത് പൗരന്മാരെയും ബി.എസ്.എഫ് അറസ്റ്റ് ചെയ്തു. സാധുവായ രേഖകളില്ലാതെയാണ് ഇവർ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്കെത്തിയത്. ബസിർഹട്ട് കോടതി ജഡ്ജി ഇവരെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജോലി തേടിയാണ് ഇന്ത്യയിൽ പ്രവേശിച്ചതെന്ന് അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്മാർ പറഞ്ഞു. എന്നാൽ തെലങ്കാന യുവാക്കൾ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.