കൊല്‍ക്കത്ത : കേരള മാതൃകയില്‍ പശ്ചിമ ബംഗാളിലും ഗവര്‍ണറും സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുമായുള്ള പോര് മുറുകുന്നു.തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് ഗവര്‍ണര്‍ക്കെതിരെ വക്കീല്‍ നോട്ടിസയച്ചിരിക്കുകയാണ് ബംഗാളിലെ വിസിമാര്‍. വിസിമാരെ അണിനിരത്തി ഗവര്‍ണര്‍ സി.വി. ആനന്ദ ബോസിനെതിരെയുള്ള യുദ്ധത്തിന് മൂര്‍ച്ച കൂട്ടുകയാണ് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മുന്‍ സര്‍വകലാശാലാ വി.സി മാരാണ് തങ്ങളില്‍ ചിലരെ ഗവര്‍ണര്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത് (12 Ex VCs Send Legal Notice To Governor Anandabose).
മുഖ്യമന്ത്രി മമത ബാനര്‍ജി വൈസ് ചാന്‍സലര്‍ പദവിയിലേക്ക് തന്‍റെ ഇഷ്ടക്കാരെ യാതൊരു യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കാതെ തീര്‍ത്തും ജനാധിപത്യ വിരുദ്ധരീതിയില്‍ തിരുകിക്കയറ്റുകയാണെന്നും ഇത് വ്യക്തമായ സ്വജനപക്ഷപാതമാണെന്നും ഗവര്‍ണര്‍ സി. വി. ആനന്ദബോസ് നേരത്തെ പ്രസ്താവിച്ചിരുന്നു.ഇത് മുഖ്യമന്ത്രിക്കസേരയുടെ അന്തസ്സിന് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നും ആനന്ദ ബോസ് തുറന്നടിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ തൃണമൂല്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മുന്‍ വിസിമാരുടേയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടേയും സംഘടന രംഗത്തുവന്നിരിക്കുന്നത്. ഗവര്‍ണര്‍ നടത്തിയ നിലവാരം കുറഞ്ഞ അപകീര്‍ത്തികരവും അടിസ്ഥാന രഹിതവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ 12 മുന്‍ വി.സി മാര്‍ക്ക് വലിയ മനോവ്യഥയാണ് സൃഷ്ടിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയുടെ ചാന്‍സലറെന്ന നിലയില്‍ ആനന്ദ ബോസില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണിതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
സര്‍വകലാശാലകളിലേക്ക് ഇടക്കാല വൈസ് ചാന്‍സലര്‍മാരെ നിശ്ചയിച്ച സംഭവത്തില്‍ മമത സര്‍ക്കാരുമായി തുറന്ന പോരിലാണ് ഗവര്‍ണര്‍ ആനന്ദബോസ്. പശ്ചിമ ബംഗാളിന്‍റെ ചരിത്രത്തില്‍ മറ്റൊരു ഗവര്‍ണറും ചെയ്യാത്ത നീക്കമായിരുന്നു വിസി നിയമനത്തില്‍ ആനന്ദബോസിന്‍റെ ഭാഗത്തുനിന്നുണ്ടായത്. മമത ഭരണത്തില്‍ ബംഗാളിലെ സര്‍വകലാശാലകളില്‍ നടക്കുന്ന അഴിമതികളും സര്‍വകലാശാലാ ക്യാമ്പസുകളില്‍ നടക്കുന്ന തെമ്മാടിത്തങ്ങളും തുറന്നുകാട്ടി നിശിത വിമര്‍ശനമായിരുന്നു ആനന്ദബോസ് നടത്തിയത്.
കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തില്‍ എന്തുകൊണ്ടാണ് താന്‍ ചില വൈസ് ചാന്‍സലര്‍മാരുടെ കാലാവധി നീട്ടി നല്‍കാതിരുന്നത് എന്ന് ആനന്ദ ബോസ് വ്യക്തമാക്കിയിരുന്നു. "നേരത്തെ നിയമിതരായ ചില വിസി മാര്‍ക്കെതിരെ അഴിമതിയാരോപണങ്ങളുണ്ടായിരുന്നു. ലൈംഗിക അതിക്രമ പരാതികളുണ്ടായിരുന്നു. രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്നതായും പരാതികളുണ്ടായിരുന്നു. അതുകൊണ്ടൊക്കെയാണ് അവര്‍ക്ക് കാലാവധി നീട്ടി നല്‍കാതിരുന്നത്" - ഗവര്‍ണര്‍ വ്യക്തമാക്കി.
ഈ പ്രസ്താവന തങ്ങള്‍ക്ക് മാനഹാനി വരുത്തിയെന്നും 15 ദിവസത്തിനുള്ളില്‍ ഗവര്‍ണര്‍ മാപ്പുപറഞ്ഞില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നുമാണ് എജ്യുക്കേഷനിസ്റ്റ് ഫോറം എന്ന സംഘടന വക്കീല്‍ നോട്ടിസില്‍ പറയുന്നത്. വിസിമാര്‍ ഓരോരുത്തരും നഷ്ട പരിഹാരമായി 50 ലക്ഷം രൂപ വീതം ലഭിക്കണമെന്നും ആവശ്യപ്പെടും.
"ഗവര്‍ണറുടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളടങ്ങിയ പ്രസ്താവന വൈസ് ചാന്‍സലര്‍മാരായി സേവനമനുഷ്ഠിച്ചുവന്ന ആരാധ്യരായ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ക്ക് സമൂഹമധ്യത്തില്‍ എന്തെന്നില്ലാത്ത അവമതിപ്പാണ് ഉണ്ടാക്കിയത്. ഗവര്‍ണര്‍ എത്രയും പെട്ടെന്ന് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണം. അല്ലാത്ത പക്ഷം ഓരോ വൈസ് ചാന്‍സലര്‍മാരും ഗനര്‍ണര്‍ക്കെതിരെ പ്രത്യേകം പ്രത്യേകം വക്കീല്‍ നോട്ടിസ് അയക്കാനാണ് ഉദ്ദേശിക്കുന്നത്" - എജ്യുക്കേഷനിസ്റ്റ് ഫോറം സംഘടനയുടെ വക്താവ് ഓം പ്രകാശ് മിശ്ര വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
'ബംഗാളിലെ ക്രമസമാധാനനില വഷളായി, ഞാന്‍ ഹാംലെറ്റാവില്ല'; മമത സര്‍ക്കാരിനെ കടന്നാക്രമിച്ച് ഗവര്‍ണര്‍
ഗവര്‍ണര്‍ സി വി ആനന്ദബോസ് കാലാവധി പുതുക്കി നല്‍കാത്തതിനാല്‍ പുറത്തുപോകേണ്ടി വന്ന വൈസ് ചാന്‍സലര്‍മാരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് നിയമനം വേഗത്തിലാക്കാന്‍ പ്രത്യേക നിയമന സമിതിക്ക് രൂപം നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെയും എജ്യുക്കേഷനിസ്റ്റ് ഫോറം രംഗത്തുവന്നു. അധ്യാപക നിയമനത്തിന് നിലവിലുള്ള വ്യക്തമായ മാനദണ്ഡങ്ങളെ മറികടക്കാനുള്ള ശ്രമമാണ് ഗവര്‍ണറുടേതെന്ന് സംഘടനയുടെ വക്താവും നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാല വൈസ് ചാന്‍സലറുമായിരുന്ന ഓം പ്രകാശ് മിശ്ര പറഞ്ഞു.
വി സിമാരുടെ നിയമനത്തില്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചന നടത്തണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോടതി വിധി തന്‍റെ നിലപാട് സാധൂകരിക്കുന്നതാണെന്നായിരുന്നു ആനന്ദബോസ് പ്രതികരിച്ചത്. സര്‍ക്കാരുമായി ആലോചിക്കണമെന്നല്ലാതെ വിസിമാരെ നിയമിക്കുന്നതിന് ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി വേണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്നായിരുന്നു ആനന്ദബോസിന്‍റെ വാദം.