അഹമ്മദാബാദ്: പതിനൊന്നുകാരിയായ ഫ്ലോറ അസോദിയയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വലുതാകുമ്പോള്‍ പഠിച്ച് കലക്‌ടറാകണമെന്ന്. ആ സ്വപ്‌നമാണ് കഴിഞ്ഞ ശനിയാഴ്‌ച പൂവണിഞ്ഞത്. അഹമ്മദാബാദ് കലക്‌ടറും 'മെയ്‌ക്ക് എ വിഷ്' എന്ന സന്നദ്ധ സംഘടനയും ചേര്‍ന്നാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ ഫ്ലോറയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്.
ഗാന്ധിനഗര്‍ സ്വദേശിയായ ഫ്ലോറ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. പഠനത്തില്‍ മിടുക്കി. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് അവളുടെ കൊച്ചു സന്തോഷങ്ങള്‍ കെടുത്തി കൊണ്ട് ബ്രെയിന്‍ ട്യൂമറിന്‍റെ വരവ്. കഴിഞ്ഞ മാസം ഒരു ശസ്‌ത്രക്രിയ നടത്തിയെങ്കിലും ഫ്ലോറയുടെ അവസ്ഥ വഷളായി. ഇതിനിടയിലാണ് ഗുരുതരമായ രോഗം ബാധിച്ച കുട്ടികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കുന്ന മെയ്‌ക്ക് എ വിഷ് ഫൗണ്ടേഷന്‍ ഫ്ലോറയുടെ സ്വപ്‌നത്തെ കുറിച്ച് അറിയുന്നത്.
മെയ്ക്ക് എ വിഷ് ഫൗണ്ടേഷനിൽ നിന്ന് ഒരു പെൺകുട്ടിക്ക് കലക്‌ടറാകാൻ ആഗ്രഹമുണ്ടെന്ന് സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് അഹമ്മദാബാദ് കലക്‌ടര്‍ സന്ദീപ് സാങ്ലെ പറഞ്ഞു. തുടര്‍ന്ന് ഫ്ലോറയുടെ കുടുംബവുമായി ബന്ധപ്പെട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആദ്യം സമ്മതിച്ചില്ല. 'ഞങ്ങളുടെ നിര്‍ബന്ധത്തിനൊടുവില്‍ അവര്‍ സമ്മതിക്കുകയായിരുന്നു,' അദ്ദേഹം വ്യക്തമാക്കി.
'അവൾ വേഗം സുഖം പ്രാപിക്കട്ടെ, അവളുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ കഠിനാധ്വാനം ചെയ്യട്ടെ. ഫ്ലോറയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു,' കലക്‌ടര്‍ പറഞ്ഞു. 'ബ്രെയിൻ ട്യൂമർ കണ്ടുപിടിക്കുന്നതിന് മുമ്പ് ഫ്ലോറ പഠനത്തിൽ വളരെ മിടുക്കിയായിരുന്നു. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കലക്‌ടറാകണമെന്ന്. സന്ദീപ് സാറും മേക്ക് എ വിഷ് ഫൗണ്ടേഷനുമാണ് എന്‍റെ മകളുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചത്. അതിന് എല്ലാവരോടും നന്ദി,' ഫ്ലോറയുടെ പിതാവ് അപൂര്‍വ് അസോദിയ പറഞ്ഞു.
Also read: 'എന്നെ പോകാൻ അനുവദിക്കൂ,' അവൾ ശാന്തിയുടെ ലോകത്തേക്ക് പറന്നകന്നു