വഡോദര: ഇന്ത്യൻ നാഷണൽ ഓപ്പൺ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഏവരെയും അമ്പരപ്പിച്ച് 106 വയസുകാരി മുത്തശ്ശി. വഡോദരയില്‍ നടന്ന പ്രഥമ ഇന്ത്യൻ നാഷണൽ ഓപ്പൺ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലാണ് ഹരിയാനയിലെ ചാർഖി ദാദ്രിയില്‍ നിന്നുള്ള രമാഭായിയെന്ന മുത്തശ്ശി സ്വര്‍ണം ഓടിയെടുത്തത്.
രമാഭായിയുടെ മിന്നുന്ന പ്രകടനം എല്ലാ കായിക താരങ്ങള്‍ക്കും പ്രചോദനമായതായി ഗുജറാത്ത് കായിക-ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്‌വി പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി വിവിധ ദേശീയ, അന്തർദേശീയ ഇവന്‍റുകളിൽ സജീവമാണ് രമാഭായി. ടൂർണമെന്‍റിനായി കൊച്ചുമകള്‍ ഷര്‍മിള സാങ്‌വാനൊപ്പമാണ് മുത്തശ്ശി വഡോദരയിലെത്തിയത്.
100 മീറ്ററില്‍ മുത്തശ്ശി സ്വര്‍ണം നേടിയപ്പോള്‍ 3000 മീറ്ററില്‍ മൂന്നാമതെത്താന്‍ കൊച്ചുമകള്‍ക്കായി. തന്‍റെ മുത്തശ്ശി എല്ലാവര്‍ക്കും ഒരു പ്രചോദനമാണെന്നും കായിക പ്രേമികളായ ഞങ്ങളുടെ കുടുംബം രാജ്യത്തുടനീളമുള്ള കായിക ഇനങ്ങളിൽ മത്സരിക്കുമെന്നും ഷര്‍മിള പറഞ്ഞു.
ഹരിയാനയുടെ 82കാരനായ ജഗദീഷ് ശർമ്മയാണ് 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. 82 കാരിയായ ശാലിനി ദാതാറും മത്സരത്തിനിറങ്ങിയിരുന്നു. അതേസമയം രാജ്യമെമ്പാടുമുള്ള 1,440 സീനിയർ അത്‌ലറ്റുകളാണ് (35 ഉം അതിൽ കൂടുതലും വയസ്) വഡോദരയില്‍ മത്സരിക്കാനെത്തിയിരുന്നത്.