ചണ്ഡീഗഢ്: കൊവിഡ് മൂലം കുടുംബം പട്ടിണിയിലായതോടെ സോക്‌സ് വിൽപ്പനയ്‌ക്കിറങ്ങിയ ലുധിയാനയിലെ വംശ് എന്ന പത്തുവയസുകാരന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. സോക്‌സ് വാങ്ങിയ വ്യക്തി കൂടുതല്‍ പണം നൽകിയപ്പോൾ വംശ് അത് സ്വീകരിക്കാതെ തിരിച്ചുനല്‍കുകയായിരുന്നു. മൂന്ന് സഹോദരിമാരും ഒരു സഹോദരനും മാതാപിതാക്കളും അടങ്ങിയ ഏഴംഗ കുടുംബമാണ് വംശിന്‍റേത്. റിക്ഷ തൊഴിലാളിയായിരുന്നു അച്ഛൻ. എന്നാല്‍ ആരോഗ്യം ക്ഷയിച്ചതോടെ പിന്നീട് വഴിയോരത്ത് സോക്‌സുകൾ വിൽക്കാൻ തുടങ്ങി. കൊവിഡ് ലോക്ക്ഡൗണായതോടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി. വംശിന്‍റെ ജ്യേഷ്‌ഠന്‍റെ ജോലിപോയി. അന്ന് മുതലാണ് പഠനം ഉപേക്ഷിച്ച് ഈ പത്തുവയസ്സുകാരന്‍ സോക്‌സുകൾ വിൽക്കാൻ ഇറങ്ങിയത്.
എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ വംശിന്‍റെ ജീവിതം മാറ്റിമറിച്ചു. വംശിനെത്തേടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്‍റെ വിളിയെത്തി. ജില്ല ഡെപ്യൂട്ടി ഹൈക്കമ്മിഷണർ വഴി വംശിന്‍റെ വീടുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വീഡിയോ കോളിലൂടെ അവരുമായി സംസാരിച്ചു. വംശിന്‍റെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുത്തതായി അമരീന്ദർ സിംഗ് അറിയിച്ചു. ആദ്യഘട്ട സഹായമായി രണ്ട് ലക്ഷം രൂപയാണ് മുഖ്യമന്ത്രി വംശിന്‍റെ കുടുംബത്തിന് കൈമാറിയത്. മകന്‍റെ വീഡിയോ വൈറൽ ആവുകയും സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുകയും ചെയ്തതിന്‍റെ സന്തോഷത്തിലാണ് വംശിന്‍റെ മാതാപിതാക്കൾ. പാതിവഴിയിൽ നിന്നുപോയ പഠനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വംശ് ഇപ്പോള്‍.