ഹരാരെ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വരവ് പ്രഖ്യാപിച്ച് ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ. സിംബാബ്‌വെയ്‌ക്ക് എതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായാണ് 23-കാരന്‍ തിളങ്ങിയത്. ഐപിഎല്ലിലെ മിന്നും പ്രകടനത്തിന്‍റെ മികവില്‍ ഇന്ത്യന്‍ ടി20 ടീമിലേക്ക് വിളിയെത്തിയ അഭിഷേകിന് അരങ്ങേറ്റ മത്സരത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഹരാരെയില്‍ 47 പന്തുകളില്‍ 100 റണ്‍സ് അടിച്ച് താരം ക്ഷീണം തീര്‍ത്തു.
വരവ് അറിയിച്ച് അഭിഷേക് ശര്‍മ; 47 പന്തില്‍ സെഞ്ചുറി
Published : Jul 7, 2024, 5:58 PM IST
|Updated : Jul 7, 2024, 7:20 PM IST
നിറഞ്ഞാടിയ അഭിഷേകിന് മുന്നില്‍ സിംബാബ്‌വെ ബോളര്‍മാര്‍ക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 33 പന്തുകളില്‍ അര്‍ധ സെഞ്ചുറി തികച്ച താരത്തിന് മൂന്നക്കത്തിലേക്ക് എത്താന്‍ പിന്നീട് 14 പന്തുകള്‍ മാത്രമാണ് വേണ്ടി വന്നത്. ഏഴ് ബൗണ്ടറികളും എട്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് അഭിഷേകിന്‍റെ ഇന്നിങ്‌സ്.
അന്താരാഷ്‌ട്ര ടി20യില്‍ അരങ്ങേറ്റത്തിന് ശേഷം ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമാണ് അഭിഷേക്. തന്‍റെ രണ്ടാമത്തെ മാത്രം ഇന്നിങ്‌സിലാണ് അഭിഷേക് സെഞ്ചുറി അടിച്ചത്. ദീപക് ഹൂഡ (മൂന്ന് ഇന്നിങ്‌സുകള്‍), കെഎല്‍ രാഹുല്‍ (നാല് ഇന്നിങ്‌സുകള്‍) എന്നിവരാണ് പിന്നില്‍.