മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചു; അടൂരിൽ നാല് യുവാക്കൾ അറസ്‌റ്റിൽ - അടൂർ
Published : Feb 26, 2024, 9:56 PM IST
പത്തനംതിട്ട: പൊലീസ് സംഘത്തെ കല്ലെറിയുകയും അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌ത കേസിൽ നാല് യുവാക്കളെ അടൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അടൂർ വയല അറുകാലിക്കൽ പടിഞ്ഞാറ് മുഖത്തല വീട്ടിൽ ഹരി (22), ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് അമൽ നിവാസിൽ വി അമൽ (24), അറുകാലിക്കൽ പടിഞ്ഞാറ് പുത്തൻവീട്ടിൽ അനന്ദു കൃഷ്‌ണൻ (24), ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് ശ്രീനിലയം വീട്ടിൽ ദീപു (24) എന്നിവരാണ് പിടിയിലായത്. ഞായറാഴ്‌ച വൈകിട്ടുമുതൽ ഏഴംകുളത്ത് മദ്യപിച്ചു ലക്കുകെട്ട യുവാക്കളുടെ പരാക്രമമായിരുന്നു. രാത്രി ഏഴരയോടെ ഇവര്‍ നാട്ടുകാരുമായി കലഹത്തിൽ ഏർപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് കൺട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്ഥർ യുവാക്കളെ സ്ഥലത്തു നിന്നും ഒഴിവാക്കിവിട്ടെങ്കിലും, ഏഴംകുളം ബാറിന് സമീപം വെച്ച് വീണ്ടും നാട്ടുകാരുമായി സംഘർഷത്തിലേർപ്പെടുകയായിരുന്നു. തിരികെയെത്തിയ പൊലീസ് സംഘത്തെ ഇവർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും, കല്ലെറിയുകയും ചെയ്‌തു. കല്ലേറിൽ അടൂർ പൊലീസ് സ്റ്റേഷനിലെ സിപിഓമാരായ സന്ദീപ്, അൻസാജു എന്നിവർക്ക് പരിക്കേറ്റു. സന്ദീപിൻ്റെ കൈയ്ക്കും വയറിനുമാണ് പരിക്കുപറ്റിയത്. സന്ദീപിനെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് യുവാക്കൾ അറുകാലിക്കൽ ക്ഷേത്രത്തിന് സമീപമെത്തി സംഘർഷം ഉണ്ടാക്കുന്നതായി വിവരമറിഞ്ഞ് പൊലീസ് ഇൻസ്‌പെക്‌ടർ ആർ രാജീവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ഏഴംകുളം ബാറിന് സമീപത്തുനിന്ന് ഇവരെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.