കൂരാച്ചുണ്ടില്‍ കാട്ടുപോത്തുകളിറങ്ങി ; തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പ് - കോഴിക്കോട് കാട്ടുപോത്ത് ആക്രമണം
Published : Mar 4, 2024, 1:43 PM IST
കോഴിക്കോട് : കൂരാച്ചുണ്ട് കോട്ടപ്പാലത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്തുകളിറങ്ങി. അങ്ങാടിക്കടുത്ത് ചാലിടത്താണ് കാട്ടുപോത്തുകളെത്തിയത്. മൂന്നെണ്ണം സ്ഥലത്തെത്തിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ജനവാസ മേഖലയിലെത്തിയ കാട്ടുപോത്തുകള്‍ ആളുകള്‍ക്ക് പിന്നാലെ ഓടി. കൂരാച്ചുണ്ട് അങ്ങാടിയില്‍ ഏറെ നേരം ഇവ നിലയുറപ്പിച്ചത് മേഖലയില്‍ ആശങ്ക പരത്തി. അങ്ങാടിക്ക് സമീപത്തെ വീട്ടുമുറ്റത്തേക്കും കാട്ടുപോത്ത് കടന്നത് നാട്ടുകാരെ ഭീതിയിലാക്കി (Wild Buffalo In Kozhikode). സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ വനം വകുപ്പില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. കല്ലാനോട് ഭാഗത്താണ് അവസാനമായി കാട്ടുപോത്തുകളെ കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു (Bison Attack In Kozhikode). ഇന്നലെ രാത്രി ഏഴരയോടെ മേഖലയില്‍ കാട്ടുപോത്ത് എത്തിയിരുന്നു. വിവരം അറിഞ്ഞ വന പാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടത്താനാകാതെ മടങ്ങി. ഇതിന് പിന്നാലെയാണ് വീണ്ടും കാട്ടുപോത്തുകളുടെ സാന്നിധ്യമുണ്ടായത്. മേഖലയിലെ സെന്‍റ് തോമസ് സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് കലക്‌ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി.