വയനാട്ടിൽ നിന്നും കൊട്ടിക്കയറിയത് എ ഗ്രേഡിലേക്ക്; തായമ്പക മേളത്തില്‍ തിളങ്ങി കല്ലോടി സെയിൻ്റ് ജോസഫ് എച്ച് എസ് എസ് - KALOLSAVAM THAYAMBAKA
തിരുവനന്തപുരം: തായമ്പക മേളത്തില്‍ കൊട്ടിക്കയറി വയനാട് കല്ലോടി സെയിൻ്റ് ജോസഫ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികള്‍. കലോത്സവത്തിൻ്റെ രണ്ടാം ദിനത്തിൽ സദസിനെ ഞെട്ടിച്ച് എ ഗ്രേഡുമായാണ് ടീം തിരികെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. ആറ് അംഗ ടീമിൻ്റെ ഏഴ് മാസത്തോളം നീണ്ട് നിന്ന പരിശീലനം വയനാട് കല്ലോട് സ്വദേശി ഹരീഷ് മാഷിൻ്റെ നേതൃത്വത്തിലാണ് നടന്നത്. സംഘത്തിലെ വിദ്യാര്‍ഥിനി നിവേദ്യയുടെ അച്ഛൻ കൂടിയാണ് അദ്ദേഹം.
ചെണ്ട പ്രേമിയും കലാകാരനുമായ ഹരീഷ് മാഷിൻ്റെ പിന്തുണ മുഴുവൻ ടീമിനുമുണ്ട്. കുട്ടിക്കാലം മുതല്‍ അച്ഛൻ തന്ന ചെണ്ട പരിശീലനമാണ് സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള ഊർജമെന്ന് നിവേദ്യ പറയുന്നു. സ്‌കൂൾ വിട്ട ശേഷമാണ് സംഘത്തിൻ്റെ പരിശീലനം. ഹയർ സെക്കൻഡറി വിഭാഗത്തിൽ വയനാടിനെ പ്രതിനിധീകരിക്കുന്ന ടീമിൻ്റെ പ്രകടനം നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്.
ഏതായാലും ഉടൻ നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശമില്ലെന്നും തലസ്ഥാനം കറങ്ങിക്കണ്ട ശേഷമേ മടക്കമുള്ളുവെന്നും വിദ്യാർഥികൾ പറയുന്നു. കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ സന്തോഷത്തിലാണ് കുട്ടികള്‍. കല്ലോടി സെയിൻ്റ് ജോസഫ് സ്‌കൂളിന് മുതല്‍ക്കൂട്ടാണ് ഈ ഏഴ് അംഗ സംഘം.