ഒന്നേകാല്‍ കിലോ വരെ തൂക്കമുള്ള കത്രിക്ക ; 5 സെന്‍റിലെ പച്ചക്കറി കൃഷിയില്‍ നൂറുമേനി കൊയ്‌ത് സണ്ണി - Vegetable Cultivation - VEGETABLE CULTIVATION
Published : Mar 22, 2024, 6:51 PM IST
ഇടുക്കി: ഭീമന്‍ ചേനയും, വാഴക്കുലയുമൊക്കെ വിളയിക്കുന്ന കര്‍ഷകരുടെ കഥകള്‍ ഹൈറേഞ്ചില്‍ നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്‌തനായൊരു കര്‍ഷകനാണ് ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഉള്ള കുരിശുപാറ സ്വദേശി മൂഴിക്കുഴിയില്‍ സണ്ണി. വെറും അഞ്ച് സെന്‍റ് ഭൂമിയിലെ പച്ചക്കറി കൃഷിയിലൂടെയാണ് സണ്ണി മികച്ച വിളവ് സൃഷ്‌ടിച്ചെടുക്കുന്നത്. എണ്ണൂറ് ഗ്രാം മുതല്‍ ഒന്നേകാല്‍ കിലോ വരെ തൂക്കമുള്ള കത്രിക്കയാണ് സണ്ണിയുടെ കൃഷിയിടത്തിലെ ഹൈലൈറ്റ്. ജൈവ രീതിയിലാണ് സണ്ണിയുടെ പച്ചക്കറി കൃഷി. കാബേജ്, തക്കാളി, പയര്‍, ബീന്‍സ്, ചീര, പച്ചമുളക് എന്നിവയൊക്കെയും സണ്ണിയുടെ കൃഷിയിടത്തിലുണ്ട്. പള്ളിവാസല്‍ കൃഷിഭവന് കീഴില്‍ വരുന്ന ഈ പ്രദേശത്ത് വര്‍ഷങ്ങളായി സണ്ണിയും കുടുംബവും പച്ചക്കറി കൃഷി ചെയ്‌ത് പോരുന്നു. ഇത്തിരി സ്ഥലത്തും കഠിന പ്രയത്നവും, ആത്മാര്‍ഥമായ പരിശ്രമവും ഉണ്ടെങ്കില്‍ ഒത്തിരി വിളവെടുക്കാം എന്നാണ് സണ്ണിയുടെ അഭിപ്രായം. അതിന് സണ്ണിയുടെ പച്ചക്കറി തോട്ടം തന്നെയാണ് തെളിവ്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് സണ്ണി നല്ലൊരു മാതൃക കൂടിയാണ് അടുത്ത വിളവെടുപ്പിന് തന്‍റെ കൃഷിയിടത്തില്‍ രണ്ടുകിലോഗ്രാം തൂക്കമുള്ള കത്രിക ഉത്പാദിപ്പിക്കാനുള്ള പരിശ്രമത്തിലാണ് സണ്ണി.