പഴയകാല പ്രൗഢിയോടെ തലശ്ശേരി കാര്‍ണിവല്‍; മാര്‍ച്ച് 1 മുതല്‍ 7 വരെ - തലശ്ശേരി കാര്‍ണിവല്‍
Published : Feb 21, 2024, 6:46 PM IST
കണ്ണൂര്‍: പഴയകാല പ്രൗഢിയോടെ തലശ്ശേരി കാര്‍ണിവല്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 1 മുതല്‍ നടത്തും. കോവിഡിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആഘോഷ പരിപാടിക്കാണ് വടക്കേ മലബാറിലെ പൈതൃക നഗരം എന്ന ഖ്യാതിയുളള തലശ്ശേരി തയ്യാറെടുക്കുന്നത്. 1983 മുതല്‍ തലശ്ശേരി അസിസ്റ്റന്‍റ് കലക്‌ടറായിരുന്ന അമിതാബ് കാന്താണ് തലശ്ശേരി കാര്‍ണിവലിന് തുടക്കം കുറിച്ചത്. തലശ്ശേരിയുടെ സാംസ്‌ക്കാരിക-വാണിജ്യ-പൈതൃകം ഓര്‍മ്മിപ്പിച്ചാണ് കാര്‍ണിവല്‍ അരങ്ങേറുക. സാമുദായിക മൈത്രിക്ക് കരുത്ത് പകര്‍ന്ന 1983 ലെ കാര്‍ണിവലിനെ ഓര്‍മ്മിപ്പിച്ചായിരിക്കും ഇത്തവണ കാര്‍ണിവല്‍ അരങ്ങേറുക. തലശ്ശേരി സിറ്റിസെന്‍റര്‍, സെന്‍റിനറി പാര്‍ക്ക്, തലശ്ശേരി കോട്ട, കടല്‍പാലം എന്നിവയോടനുബന്ധിച്ചാണ് പരിപാടികള്‍ നടക്കുക. മാര്‍ച്ച് 7 വരെ കാര്‍ണിവല്‍ നടക്കും. വ്യാവസായിക-കാര്‍ഷി പ്രദര്‍ശനം, ടൂറിസം എക്‌സിബിഷന്‍, അമ്യൂസ്‌മെന്‍റ് പാര്‍ക്ക്, ഫുഡ് ഫെസ്റ്റിവല്‍, സെമിനാറുകള്‍ എന്നിവയും നടക്കും. സിറ്റി സെന്‍റര്‍ മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെ ലൈറ്റ് ഷോ ഒരുക്കും. വ്യാപാരികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 1 മുതല്‍ ആഗസ്‌റ്റ് 1 വരെ വ്യാപാരോത്സവും സംഘടിപ്പിക്കുന്നുണ്ട്. പഴയ ബസ് സ്റ്റാന്‍ഡിന് സമീപമാണ് പ്രധാന വേദി ഒരുക്കുക. ഏഴ് ദിവസം ചലച്ചിത്ര പിന്നണി ഗായകരടക്കം അണിനിരക്കുന്ന സംഗീത വിരുന്നും ഒരുക്കുന്നുണ്ട്. പ്രോഗ്രാം കമ്മിറ്റി ചേര്‍ന്ന് പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി കഴിഞ്ഞു. നഗരസഭാ ചെയര്‍മാന്‍ കെ എം ജമുനാ റാണി യുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.