ഇരിങ്ങാലക്കുട കല്ലൻകുന്നിൽ ഗൃഹനാഥന്‍റെ ആത്മഹത്യ, ജപ്‌തി ഭീഷണിയെ തുടർന്നെന്ന് കുടുംബം - ഇരിങ്ങാലക്കുട ഗൃഹനാഥന്‍റെ ആത്മഹത്യ
Published : Feb 20, 2024, 4:51 PM IST
തൃശൂര്‍: ഇരിങ്ങാലക്കുട കല്ലൻകുന്നിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തത് ജപ്‌തി ഭീഷണിയെ തുടർന്നാണെന്ന് കുടുംബത്തിന്‍റെ ആരോപണം. കല്ലങ്കുന്ന് സഹകരണ ബാങ്കിൽ നിന്നും വായ്‌പയെടുത്ത അശോകനാണ് ഇക്കഴിഞ്ഞ 14 ന് ആത്മഹത്യ ചെയ്‌തത്. വായ്‌പ മുടങ്ങിയതോടെ ബാങ്ക് അധികൃതർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും കുടുംബാംഗങ്ങൾ പറഞ്ഞു. 2019 ലാണ് കല്ലങ്കുന്ന് സർവീസ് സഹകരണ ബാങ്കിൽ നിന്നും 3 ലക്ഷത്തിലധികം രൂപ അശോകൻ വായ്‌പ എടുത്തത്. വീട് പണി പൂര്‍ത്തീകരിക്കാനാണ് വായ്‌പയെടുത്തത്. കൊവിഡ് കാലമായതോടെ അശോകന് ജോലി പ്രതിസന്ധി നേരിട്ടത്തിനാൽ തിരിച്ചടവ് മുടങ്ങി. ഇതോടെ ബാങ്കിൽ നിന്നും ജപ്‌തി ഭീഷണിയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ 14 നാണ് അശോകൻ ആത്മഹത്യ ചെയ്യുന്നത്. ബാങ്കിൽ നിന്നും അധികൃതർ വീട്ടിലെത്തി ജപ്‌തി ഭീഷണി മുഴക്കിയതിന്‍റെ മനോവിഷമത്തിലാണ് അശോകന്‍ ആത്മഹത്യ ചെയ്‌തതെന്ന് ഭാര്യ പ്രമീള പറഞ്ഞു. അശോകനും ഭാര്യ പ്രമീളയും മകനും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. മരിച്ചതിന് ശേഷം ബാങ്ക് അധികൃതരോ ജനപ്രതിനിധികളോ തിരിഞ്ഞ് നോക്കിയില്ലെന്നും പ്രമീള ആരോപിച്ചു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821