വീണ വിജയൻ്റെ ഹർജി തള്ളിയ കോടതി വിധി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടി : ഷോൺ ജോർജ്
Published : Feb 16, 2024, 5:07 PM IST
കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ ഹർജി തള്ളിയ കോടതി വിധി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയെന്ന് ഷോൺ ജോർജ്. ഹൈക്കോടതിയിൽ വിശ്വാസമുണ്ടായിരുന്നു. കുറ്റം പുറത്തുകൊണ്ട് വരാൻ അന്വേഷണ ഏജൻസിക്ക് കോടതി വിധി ഊർജം നൽകുമെന്നും ഷോൺ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ തന്നെ തടസപ്പെടുത്താൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണിത്. കെഎസ്ഐഡിസി കേരള ഹൈക്കോടതിയിൽ നല്‍കിയ അതേ ഹർജി പേരുമാറ്റിയാണ് കർണാടക കോടതിയിൽ സമർപ്പിച്ചത്. കൂടുതൽ തെളിവുകൾ എസ്എഫ്ഐഒയ്ക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണം തടയാൻ മുഖ്യമന്ത്രിയടക്കം കൂട്ട് നിൽക്കുന്നു. തെറ്റുകാരല്ലെങ്കിൽ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിന്?. വിധിയിൽ സന്തോഷമുണ്ടെന്നും ഷോൺ പറഞ്ഞു. വീണ വിജയന്‍റെ എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്‌ത് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയായിരുന്നു (Veena Vijayan's Petition). കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്‌ത് കമ്പനി മേധാവി കൂടിയായ വീണ നല്‍കിയ ഹര്‍ജി ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷയായ ബെഞ്ചാണ് പരിഗണിച്ചത് (SFIO). കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍(എസ്എഫ്ഐഒ) അന്വേഷിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്‌താണ് വീണ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.