വന്യമൃഗ ശല്യത്തിനെതിരെ തിരുവമ്പാടിയിൽ പ്രതിഷേധം, കലാശിച്ചത് സംഘർഷത്തില്‍ - വന്യമൃഗ ശല്യത്തിനെതിരെ പ്രതിഷേധം
Published : Feb 17, 2024, 6:11 PM IST
കോഴിക്കോട്: വന്യമൃഗ ശല്യത്തിനെതിരെ തിരുവമ്പാടിയിൽ നടന്ന പ്രതിഷേധ സംഗമത്തിലും സംഘർഷം. കർഷ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമായി. ഏറെ നേരമാണ് ഗതാഗതം സ്‌തംഭിച്ചത്. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. അതേസമയം വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മനുഷ്യജീവൻ നഷ്‌ടമാകുന്നത് തുടരുന്നതില്‍ പ്രതിഷേധം ശക്തം. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്‍റെ മൃതദേഹവുമായി രാവിലെ മുതല്‍ തുടരുന്ന പ്രതിഷേധം അക്രമത്തിലേക്ക് വഴി മാറി. തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ നാളെയും തുടരും. ഇന്ന് രാവിലെ പുല്‍പ്പള്ളിയില്‍ വനംവകുപ്പ് വാഹനം തടഞ്ഞും വാഹനത്തിന് റീത്ത് വെച്ചും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്‍റെ ജഡം വനംവകുപ്പ് വാഹനത്തിന് മുകളില്‍ വെച്ചും പ്രതിഷേധം കത്തിപ്പടർന്നപ്പോൾ പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ കഴിയാതെയായി. അതിനിടെ കലക്‌ടറുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിന് എത്തിയ എംഎല്‍എമാർക്ക് എതിരെയും പ്രതിഷേധമുണ്ടായി. എംഎല്‍എമാർക്കും പൊലീസിനും എതിരെ കുപ്പികൾ എറിഞ്ഞും കൂക്കിവിളിച്ചുമാണ് പ്രതിഷേധം മറ്റൊരു തലത്തിലേക്ക് വഴിമാറിയത്.