സീറ്റ് വിഭജന ചർച്ച, മെഷർമെന്‍റ് എടുക്കണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി
Published : Feb 5, 2024, 5:26 PM IST
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സീറ്റ് വിഭജന ചർച്ചയിൽ കോൺഗ്രസ് അനുകൂല തീരുമാനമാണോ എടുത്തത് എന്ന ചോദ്യത്തിന് മെഷർമെന്‍റ് എടുക്കണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഉഭയകക്ഷി ചർച്ചക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സീറ്റ് വിഭജനത്തിൽ ചർച്ച തുടരും. ഫെബ്രുവരി 13 ന് മൂന്നാം ഘട്ട ചർച്ച ഉണ്ടാകും. ഇന്നുണ്ടായ ചർച്ച പാർട്ടി കമ്മിറ്റിയിൽ വെക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന ആവശ്യം ലീഗ് - കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിലാണ് ലീഗ് ഉന്നയിച്ചത്. ഇതിൽ തുടർ ചർച്ചകളിലൂടെ തീരുമാനമെടുക്കാമെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്‍റെ മറുപടി. അന്തിമ തീരുമാനം യുഡിഎഫ് യോഗത്തിൽ എന്നുമായിരുന്നു ധാരണ. അതേസമയം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ ഉന്നതാധികാര സമിതി യോഗവും ഇന്ന് വൈകീട്ട് 4.30 ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ ചേരും. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് അധിക സീറ്റ് ചോദിച്ചതിന്‍റെ കാരണം കഴിഞ്ഞ ദിവസം പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. സാധാരണപോലെയല്ല, ഇത്തവണ സീറ്റ് കിട്ടാൻ വേണ്ടി തന്നെയാണ് ചോദിച്ചതെന്ന് മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.