വിലയിടിഞ്ഞ് കുരുമുള്, ഒരാഴ്‌ച്ചയ്‌ക്കിടെ കുറഞ്ഞത് 35 രൂപയിലധികം; കര്‍ഷകര്‍ ആശങ്കയില്‍ - കുരുമുളകിന് വിലയിടിയുന്നു
Published : Feb 3, 2024, 2:47 PM IST
ഇടുക്കി : വിളവെടുപ്പ് സീസണ്‍ ആരംഭിച്ചപ്പോള്‍ കുരുമുളക് വില ഗണ്യമായി ഇടിഞ്ഞു. ഒരാഴ്‌ചയ്ക്കിടെ മാത്രം കിലോഗ്രാമിന് 35 രൂപയിലധികമാണ് കുറഞ്ഞത്. ഗുണമേന്മ കുറഞ്ഞ കുരുമുളക് കേരളത്തിലെ കുരുമുളകുമായി കൂട്ടികലര്‍ത്തി വിപണിയില്‍ എത്തിയ്ക്കുന്നതാണ് വിലയിടിവിന് കാരണമെന്നാണ് ആക്ഷേപം (Pepper price depreciation). നിലവില്‍ ഒരു കിലോഗ്രാം കുരുമുളകിന് പ്രാദേശിക വിപണിയില്‍ ലഭിക്കുന്ന വില 556 രൂപവരെയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് 650 രൂപയോളം വില ലഭിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടയില്‍, 35 രൂപയിലധികം കുറഞ്ഞു. ഇടുക്കിയില്‍ ഉള്‍പ്പടെ, പ്രധാന കുരുമുളക് ഉത്പാദന മേഖലകളില്‍ കുരുമുളക് സീസണ്‍ ആരംഭിച്ചപ്പോഴാണ്, വില ഗണ്യമായി ഇടിഞ്ഞത്. മറ്റ് കുരുമുളക് ഉത്പാദക രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവ, കേരളത്തിലെ കുരുമുളകുമായി കൂട്ടികലര്‍ത്തുന്നതാണ് വിലയിടിവിന് കാരണമെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം. വിളവെടുപ്പിന് 800 മുതല്‍ 850 രൂപവരെയാണ് കൂലി. നിലവിലെ വിലയുടെ അടിസ്ഥാനത്തില്‍, തൊഴിലാളികള്‍ക്ക് കൂലി പോലും നല്‍കാനാവാത്ത സാഹചര്യമാണുള്ളത്. കാലാവസ്ഥ വ്യതിയാനവും വിവിധ രോഗങ്ങളും, ഇത്തവണത്തെ വിളവിലും ഗണ്യമായ കുറവ് വരുത്തിയിരുന്നു. കുരുമുളക് കൂടുതലായി വിപണിയിലേയ്ക്ക് എത്തുന്ന ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വില വീണ്ടും ഇടിയുമോ എന്ന ആശങ്കയിലാണ് കര്‍ഷകർ.