മൂഴിയാറിലെ അജിയുടെ മരണം കൊലപാതകം; ബന്ധു അറസ്‌റ്റിൽ
Published : Feb 14, 2024, 6:58 PM IST
പത്തനംതിട്ട: മൂഴിയാറിൽ മധ്യവയസ്ക്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതിയായ ബന്ധുവിനെ മൂഴിയാർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആങ്ങമൂഴി കൊച്ചാണ്ടി തെക്കേക്കര കാരക്കൽ അജികുമാറായിരുന്നു കൊലപ്പെട്ടത്. ഈ കേസിൽ ബന്ധുവായ സീതത്തോട് ആങ്ങമൂഴി വടക്കേക്കര കാരയ്ക്കൽ വീട്ടിൽ മഹേഷ് (43) ആണ് അറസ്‌റ്റിലായത് (Ajis death in Moozhiyar accused arrested). പ്രതിയുടെ ഭാര്യയെപ്പറ്റി കൊല്ലപ്പെട്ട അജികുമാർ നിരന്തരം അപവാദം പറഞ്ഞു നടന്നതിന്‍റെ വിരോധത്താലാണ് ആക്രമിച്ചുകൊന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം അജികുമാറിനെ വീടിന്‍റെ കിടപ്പുമുറിയിൽ കടന്ന് ഇരുമ്പുകമ്പി കൊണ്ട് നെറ്റിയിലും മുഖത്തും ഇടതുകൈയ്യിലും അടിച്ചും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് അജികുമാർ മരണപ്പെട്ടു. അജികുമാറിന്‍റെ മകൻ അരുണിന്‍റെ മൊഴിപ്രകാരം കേസെടുത്ത മൂഴിയാർ പൊലീസ്, ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന് സമീപത്തു നിന്നുമാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. ചിറ്റാർ പൊലീസ് ഇൻസ്‌പെക്‌ടർ ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവസ്ഥലത്തു നിന്നും ശാസ്ത്രീയ അന്വേഷണ സംഘവും വിരലടയാള വിദഗ്ദ്ധരും തെളിവുകൾ ശേഖരിച്ചിരുന്നു. ഡോഗ് സ്‌ക്വാഡിന്‍റെ സേവനവും ലഭ്യമാക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ജില്ലാ പൊലീസ് മേധാവി വി അജിതിന്‍റെ നിർദേശത്തെ തുടർന്ന് പ്രതിക്കുവേണ്ടിയുള്ള തെരച്ചിൽ അന്വേഷണ സംഘം ഊർജ്ജിതമാക്കിയിരുന്നു. മകന്‍റെ മൊബൈൽ ഫോണിലേക്ക് തിങ്കളാഴ്ച്ച മഹേഷ് വിളിച്ച നമ്പരിന്‍റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് ജില്ലാപൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ നീക്കമാണ് ഫലം കണ്ടത്. കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.