'പൊലീസ് ആരെയോ പേടിക്കുന്നു'; കാഫിർ വിവാദത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് ഡിസിസി പ്രസിഡൻ്റ് - VADAKARA KAFIR SCREENSHOT CASE - VADAKARA KAFIR SCREENSHOT CASE
Published : Aug 15, 2024, 7:27 AM IST
കോഴിക്കോട്: വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ഉണ്ടായ കാഫിർ വിവാദത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോഴിക്കോട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെ പ്രവീൺ കുമാർ. വിവാദ വിഷയത്തിൽ ഇരയായ മുഹമ്മദ് കാസിമിൻ്റെ പരാതിയിൽ ഇതുവരെ കേസ് എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
കോടതി പറഞ്ഞിട്ടും വടകരയിലെ പൊലീസ് ആരെയോ പേടിക്കുകയാണെന്നും പ്രവീൺകുമാർ പറഞ്ഞു. ഇത് കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതികളെ അറസ്‌റ്റ് ചെയ്യാൻ ഇനിയും മടിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.
യൂത്ത് ലീഗ് നേതാവ് പികെ കാസിമിന്‍റെ പേരിലായിരുന്നു വടകരയിലെ ഇടത് സ്ഥാനാർഥിക്കെതിരെ കാഫിർ പ്രയോഗമുള്ള വാട്‌സ്‌ആപ്പ് പോസ്‌റ്റ് പ്രചരിച്ചത്. എന്നാൽ ഇതിനെതിരെ പരാതി നൽകിയ നേതാവിനെതിരെ വടകര പൊലീസ് കേസെടുക്കുകയാണ് ചെയ്‌തത്. അമ്പാടിമുക്ക് സഖാക്കൾ എന്ന ഐഡിയിൽ നിന്നാണ് ഈ സ്‌ക്രീൻഷോട്ട് ആദ്യമായി പുറത്ത് വന്നതെന്ന് കാസിം പറഞ്ഞിരുന്നു.
പിന്നീട് പികെ കാസിമിനെതിരെ പ്രഥമ ദൃഷ്‌ട്യാ തെളിവില്ലെന്ന് വടകര പൊലീസ് ഹൈക്കോടതിയിൽ പറഞ്ഞു. വടകര എസ്എച്ച്ഒ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്‌തു. പികെ കാസിമിൻ്റെ മൊബൈൽ ഫോൺ പരിശോധിക്കുകയും സ്‌ക്രീൻ ഷോട്ട് പോസ്‌റ്റ് ചെയ്‌തതും പ്രചരിപ്പിച്ചതും പികെ കാസിമിൻ്റെ മൊബൈൽ ഫോണിൽ നിന്നല്ല എന്നും കണ്ടെത്തിയിരുന്നു.
Also Read: 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍': പൊലീസ്