കോട്ടയം കമ്പം ഇൻ്റർ സ്‌റ്റേറ്റ് ബസ് സർവ്വീസിന് തുടക്കം - കെഎസ്ആർടിസി
Published : Feb 25, 2024, 10:58 PM IST
കോട്ടയം: കെ എസ് ആർ ടി സിയുടെ കോട്ടയം കമ്പം ഇൻ്റർ സ്‌റ്റേറ്റ് ബസ് സർവീസിന് തുടക്കമായി. ഇന്നലെ (ശനി) കോട്ടയത്ത് നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്‌തു.6 ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ഇന്ന് പൂർണ തോതിൽ സർവീസുകൾ ആരംഭിച്ചു. കോട്ടയത്ത് നിന്ന് രാവിലെ 5:15 നാണ് ആദ്യ സർവീസ്. കൂടാതെ 6:45, 8 .00 നും സർവ്വിസുകൾ പുറപ്പെടും. 176 രൂപയാണ് ടിക്കറ്റ് നിരക്ക്. തമിഴ്‌നാടുമായുള്ള 2019-ലെ അന്തര്‍ സംസ്ഥാന കരാറിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ റൂട്ടുകളിൽ സർവീസ്. കരാറിന്‍റെ ഭാഗമായി സംസ്ഥാനത്തിന് അധിക സർവീസ് നടത്താൻ അവകാശമുണ്ടായിരുന്ന റൂട്ടുകൾ തിരഞ്ഞെടുത്തു. ഇതിന്‍റെ ഭാഗമായാണ് പുതിയ സർവീസുകൾ. കൊവിഡിനെ തുടർന്ന് നിലവിലുണ്ടായിരുന്ന ഒട്ടേറെ സർവീസുകൾ നിർത്തലാക്കിയിരുന്നു. പല കാരണങ്ങൾകൊണ്ട് ഇത് പിന്നീട് പുനഃരാരംഭിച്ചില്ല. എന്നാൽ പുതിയ മന്ത്രി വന്നതോടെ സർവീസുകൾ വീണ്ടും ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ കോട്ടയം ഡിപ്പോയിൽ നിന്ന് നാല് അന്തര്‍ സംസ്ഥാന സർവീസ് മാത്രമാണുള്ളത്.