കാട് കയറാതെ പടയപ്പ; വഴിയോര കട തകർത്തു, ഇടുക്കിയില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം തുടരുന്നു - ഇടുക്കി മൂന്നാര്‍
Published : Feb 28, 2024, 6:18 PM IST
ഇടുക്കി: മൂന്നാറില്‍ വീണ്ടും റോഡിലിറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ. മൂന്നാറിൽ നിന്ന് മറയൂരിലേക്ക് പോകുന്ന റോഡിൽ ആണ് പടയപ്പ ഇറങ്ങിയത്. തലയാർ ഭാഗത്ത് ഇറങ്ങിയ പടയപ്പ വഴിയോരത്തുള്ള ഒരു പെട്ടി കട തകർത്തു. തലയാറിൽ ഉച്ചയോടെയാണ് പടയപ്പ ഇറങ്ങിയത്. കാടുകയറാതെ പടയപ്പ ഇപ്പോഴും ജനവാസ മേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ഇടുക്കിയിൽ സ്കൂട്ടർ യാത്രികയെ കാട്ടുപന്നി ഇടിച്ചിട്ടു. കാട്ടു പന്നി ആക്രമണത്തിൽ ആനച്ചാൽ സ്വദേശി ധന്യക്കാണ്പരിക്കേറ്റത്. ആനച്ചാലിൽ നിന്നും ബൈസൻവാലിക്ക് സ്കൂട്ടിയിൽ പോകുന്നതിനിടെ ടീ കമ്പനിക്കും ബൈസൻവാലിക്കും ഇടയിൽ വെച്ചു കാട്ടുപന്നിക്കൂട്ടം റോഡ് ക്രോസ്സ് ചെയ്തു വരികയായിരുന്നു. ഈ സമയം ധന്യയുടെ സ്‌കൂട്ടിയിൽ പന്നികൾ മുട്ടുകയും നിയന്ത്രണം വിട്ടു സ്കൂട്ടി മറിയുകയും ചെയ്തു. പത്തിലധികം കാട്ടുപന്നികൾ ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ പരിക്കേറ്റ ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാന്തല്ലൂരിലും വന്യജീവി സംഘര്‍ഷം തുടരുന്നു. കാട്ടുപോത്തുകൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ ഇറങ്ങി. കാന്തല്ലൂർ, കീഴാന്തൂർ, കാരയൂർ എന്നിവിടങ്ങളിലാണ് കാട്ടുപോത്തുകൾ കൂട്ടമായി ഇറങ്ങിയത്. കുഞ്ഞുങ്ങൾ അടക്കമുള്ള കൂട്ടമാണ് കൃഷിയിടങ്ങളിൽ തമ്പടിച്ചിരിക്കുത്. മേഖലയിൽ കാട്ടുപോത്തുകൾ വ്യാപകമായി കൃഷിനാശവും ഉണ്ടാക്കിയിട്ടുണ്ട്. നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയതോടെ വനം വകുപ്പിന്‍റെ നേതൃത്വത്തിൽ ഇവയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. പഞ്ചായത്തിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് കാട്ടുപോത്തുകളെ തുരത്തുന്നത്.