ബസില്ല, മെക്കാനിക്കില്ല, വാഹനങ്ങൾ കട്ടപ്പുറത്ത്; താളം തെറ്റി ഹൈറേഞ്ചിലെ കെഎസ്ആർടിസി ഡിപ്പോകൾ
Published : Feb 18, 2024, 12:26 PM IST
ഇടുക്കി : മതിയായ ബസുകളുടെയും മെക്കാനിക്കുകളുടെയും അഭാവം മൂലം ഹൈറേഞ്ചിലെ കെഎസ്ആർടിസി ഡിപ്പോകളുടെ പ്രവർത്തനം താളം തെറ്റുന്നു. 14 ഓർഡിനറി സർവീസുകളാണ് അറ്റകുറ്റപ്പണികൾ തടസപ്പെട്ടതിനാൽ വിവിധ ഡിപ്പോകളിൽ മുടങ്ങിയത്. കെഎസ്ആർടിസിക്ക് ഏറെ വരുമാനം നേടി കൊടുക്കുന്ന പ്രധാന ഡിപ്പോകളായ കട്ടപ്പന, കുമളി, നെടുംങ്കണ്ടം എന്നിവിടങ്ങളിലാണ് മതിയായ മെക്കാനിക്കുകൾ ഇല്ലാത്തതിനെ തുടർന്ന് വാഹനങ്ങൾ കട്ടപ്പുറത്തായി കിടക്കുന്നത് (Buses And Mechanics Shortage High Range KSRTC Depots In Crisis). സ്ഥലം മാറിപ്പോയ മെക്കാനിക്കുകൾക്ക് പകരമുള്ളവർ ചാർജ് ഏറ്റെടുത്തിട്ടില്ലാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. കാലപ്പഴക്കം ചെന്ന ബസുകളാണ് ഹൈറേഞ്ചിലെ ഡിപ്പോകളിൽ ഓർഡിനറി സർവീസിനായി കൂടുതലും ഉപയോഗിക്കുന്നത്. അറ്റകുറ്റപ്പണികൾ നടത്തിയാണ് ഇവയെല്ലാം ഓപ്പറേറ്റ് ചെയ്യുന്നത്. ആഴ്‌ചയിൽ ഒന്നും രണ്ടും തവണയാണ് മെക്കാനിക്കൽ പ്രശ്‌നങ്ങളെ തുടർന്ന് ഇവ വർക്‌ഷോപ്പിൽ കയറ്റേണ്ടി വരുന്നത്. തരക്കേടില്ലാത്ത വരുമാനം നേടിത്തരുന്ന തൊടുപുഴ, കോട്ടയം, ചങ്ങനാശ്ശേരി റൂട്ടിൽ ഓടുന്ന ബസുകളും തോട്ടം തൊഴിലാളികൾക്ക് ആശ്വാസമായ കറുവാക്കുളം-എറണാകുളം ബസുമാണ് കട്ടപ്പന ഡിപ്പോയിൽ മുടങ്ങിയത്. നെടുംങ്കണ്ടം ഡിപ്പോയിൽ ആറും, കുമളി ഡിപ്പോയിൽ മൂന്നും സർവീസ് മുടങ്ങിയിട്ടുണ്ട്. നാട്ടിൻപുറങ്ങളിലെ പ്രധാന ഡിപ്പോകളിൽ ഓടി കാലപ്പഴക്കം ചെന്ന ബസുകളാണ് ഹൈറേഞ്ചിലെ ഡിപ്പോകൾക്ക് നൽകുന്നതെന്ന് ജീവനക്കാർ തന്നെ പറയുന്നു. ഇവ മാറ്റി പുതിയ ബസുകൾ അനുവദിച്ചെങ്കിൽ മാത്രമേ ഗ്രാമീണ മേഖലകളിൽ കൂടിയുള്ള സർവീസുകൾ തടസമില്ലാതെ ഓപ്പറേറ്റ് ചെയ്യാൻ കഴിയൂ എന്നതാണ് നിലവിലെ സാഹചര്യം.