കേരളം

kerala

ETV Bharat / videos

തൃശൂരിലെ സിനിമ സ്റ്റൈല്‍ സ്വര്‍ണ കവര്‍ച്ച; അജ്ഞാത സംഘത്തിന്‍റെ കാര്‍ കണ്ടെത്തി, നമ്പര്‍ പ്ലേറ്റ് വ്യാജം - Gold Robbery Case Thrissur - GOLD ROBBERY CASE THRISSUR

By ETV Bharat Kerala Team

Published : Sep 26, 2024, 2:54 PM IST

തൃശൂര്‍: കുതിരാൻ കല്ലിടുക്കിൽ സ്വര്‍ണ വ്യാപാരിയുടെ വാഹനം തടഞ്ഞ് കവര്‍ച്ച നടത്തിയ സംഘത്തിന്‍റെ കാര്‍ കണ്ടെത്തി പൊലീസ്. പുത്തൂരിലെ വര്‍ക്ക് ഷോപ്പില്‍ സംഘം കാര്‍ ഉപേക്ഷിച്ചതായി പൊലീസ്. പ്രതികളെത്തിയ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വ്യാജമെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്നലെ (സെപ്‌റ്റംബര്‍ 25) രാവിലെ 11.15ഓടെയാണ് കേസിനാസ്‌പദമായ സംഭവം. സ്വര്‍ണ വ്യാപാരിയായ കിഴക്കേകോട്ട സ്വദേശി അരുൺ സണ്ണിയെയും സഹായിയായ പോട്ട സ്വദേശി റോജി തോമാസിനെയും ആക്രമിച്ചായിരുന്നു അജ്ഞാത സംഘത്തിന്‍റെ കവര്‍ച്ച. രണ്ടര കിലോ സ്വര്‍ണമാണ് സംഘം കവര്‍ന്നത്. കോയമ്പത്തൂരില്‍ നിന്നും പണികഴിപ്പിച്ച് കാറില്‍ കൊണ്ടുവരുന്നതിനിടെയാണ് കാറിലെത്തിയ സംഘം സ്വര്‍ണം കവര്‍ന്നത്. മൂന്ന് കാറുകളിലായി മുഖം മറച്ചാണ് സംഘമെത്തിയത്. സ്വര്‍ണം കൊണ്ടുവരുന്ന കാറിനെ പിന്തുടര്‍ന്നെത്തിയ സംഘം ദേശീയപാത കുതിരാന് സമീപത്ത് വച്ചാണ് കവര്‍ച്ച നടത്തിയത്.  വാഹനം തടഞ്ഞ സംഘം കാറിലുണ്ടായിരുന്ന അരുൺ സണ്ണിയെയും റോജി തോമാസിനെയും ബലമായി പിടിച്ചിറക്കുകയും മറ്റൊരു കാറില്‍ കയറ്റുകയും ചെയ്‌തു. മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് ഇരുവരെയും മറ്റൊരു വാഹനത്തില്‍ കയറ്റി കൊണ്ടുപോയ സംഘം അരുണ്‍ സണ്ണിയെ പുത്തൂരിലും റോജി തോമസിനെ പാലിയേക്കരയിലും ഇറക്കിവിടുകയും ചെയ്‌തു. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പീച്ചി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. 

ABOUT THE AUTHOR

...view details