ചൂരൽമലയിലെ മഴയിൽ ഒഴുക്കിൽപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്- വീഡിയോ - COW RESCUED FROM RIVER - COW RESCUED FROM RIVER
Published : Aug 14, 2024, 10:17 AM IST
വയനാട്: ശക്‌തമായ മഴയിൽ പുഴയിലെ കുത്തൊഴുക്കിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. ഉരുൾപൊട്ടൽ ദുരന്തം വിതച്ച ചൂരൽമലയിലെ ബെയ്‌ലി പാലത്തിന് സമീപമുളള പുഴയിലാണ് പശു അകപ്പെട്ടത്. ഇന്ന് (ഓഗസ്റ്റ് 13) വൈകിട്ട് നാലരയോടെയാണ് പശു പുഴയിൽ അകപ്പെട്ടത്. സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ ദൗത്യസംഘം ഇത് കാണുകയും സാഹസികമായി പശുവിനെ രക്ഷപ്പെടുത്തുകയും ചെയ്‌തു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഉടൻ തന്നെ പുഴയിലേക്ക് ഇറങ്ങി പശുവിനെ രക്ഷിക്കുകയായിരുന്നു. വളരെ ശ്രമപ്പെട്ടാണ് ഫയർഫോഴ്‌സ് സേനാംഗങ്ങൾ പശുവിനെ കരയ്ക്ക് കയറ്റിയത്. കരയ്‌ക്കെത്തിച്ച പശുവിന് സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. കാലിൽ മുറിവേറ്റ പശുവിന് നടക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനാല്‍ നില്‍ക്കാനാവാതെ പശു കുറച്ച് നേരം നിലത്ത് കിടന്നു. പിന്നീട് വളരെ ശ്രമപ്പെട്ട് എഴുന്നേൽക്കുകയായിരുന്നു. വളരെ നേരം പശു വെളളത്തിലായിരുന്നതിനാൽ തന്നെ ധാരാളം ചെളിവെള്ളം കുടിച്ചതായാണ് സംശയം. പശുവിന് വിദഗ്‌ധ ചികിത്സ ലഭ്യമാക്കുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പശുവിന് മൃഗസംരക്ഷണ വകുപ്പിൻ്റെ സേവനം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. സമാന രീതിയിൽ നേരത്തെയും പുഴയിൽ മൃഗങ്ങൾ അകപ്പെട്ടിരുന്നു. ചൂരൽമലയിൽ അതിശക്തമായ മഴയാണ് ഇപ്പോഴും പെയ്യുന്നത്.