കൊയിലാണ്ടിയില്‍ ആറാട്ട് ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരിക്ക് - പാപ്പച്ചൻ ശ്രീകുട്ടൻ
Published : Jan 22, 2024, 11:06 AM IST
|Updated : Jan 22, 2024, 3:05 PM IST
കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് വിയ്യൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. വിയ്യൂർ വിഷ്‌ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത് (Elephant Turned Violent During Viyyur Temple Festival). ഞായറാഴ്‌ച രാത്രി 11.45 ഓടെയാണ് സംഭവം. ഉത്സവത്തിനെത്തിച്ച പാപ്പച്ചൻ ശ്രീകുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നെള്ളിപ്പിന് ശേഷം ക്ഷേത്രനടയിൽ നിന്ന് പുറത്തിറങ്ങവെ ഇടഞ്ഞ ആന പാപ്പാനെ തട്ടിത്തെറിപ്പിച്ച ശേഷം അക്രമാസക്തനാവുകയായിരുന്നു. ക്ഷേത്ര ഭണ്ഡാരം തകർത്തശേഷം പരിസരത്ത് നിലയുറപ്പിച്ച ആന മതിലിൽ സ്ഥാപിച്ച വിളക്ക് കാലുകളും ഇലക്ട്രിക് പോസ്‌റ്റുകളും തകർത്തു. ഇതിനിടെ അനുനയിപ്പിക്കാൻ ശ്രമിച്ച പാപ്പാന്മാർക്കു നേരെ കണ്ണിൽ കണ്ട സാധനങ്ങളെല്ലാം വലിച്ചെറിഞ്ഞു. ഇതിനിടെയാണ് പാപ്പാനായ കോട്ടയം വൈക്കം സ്വദേശി സുമേഷിന് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആനയിടഞ്ഞ സമയത്ത് ക്ഷേത്രത്തിൽ ആളുകൾ കുറവായിരുന്നതിനാലാണ് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരുന്നത്. കണ്ണൂർ, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഫോറസ്‌റ്റ്, എലിഫൻറ് സ്ക്വാഡുകൾ രാത്രിയില്‍ ആനയെ തളക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. പിന്നീട് രാവിലെയാണ് ഏറെനേരം പരിശ്രമിച്ച ശേഷം ആനയെ തളയ്ക്കാനായത്.