തൃശൂര്‍ മേയർ - സുരേഷ് ഗോപി ബന്ധം; നിലപാട് കടുപ്പിച്ച് സിപിഐ - CPI Against Thrissur Mayor - CPI AGAINST THRISSUR MAYOR
Published : Jul 8, 2024, 4:30 PM IST
തൃശൂര്‍: തൃശൂര്‍ മേയർ എം കെ വര്‍ഗീസും സുരേഷ് ഗോപിയും തമ്മിലുള്ള ബന്ധത്തിനെതിരെ കടുത്ത നിലപാടുമായി സിപിഐ. മുൻ ധാരണ പ്രകാരം കാലാവധി പൂർത്തിയാക്കിയ എം കെ വർഗീസ് മേയർ പദവി ഒഴിയണമെന്ന് ജില്ല സെക്രട്ടറി കെ കെ വത്സരാജ് ആവശ്യപ്പെട്ടു. തൃശ്ശൂരിലെ തോൽവിക്ക് മേയറുടെ നിലപാടും ഒരു കാരണമാണ് എന്നും വത്സരാജ് ആരോപിച്ചു. കഴിഞ്ഞ ദിവസം തൃശൂര്‍ കോര്‍പ്പറേഷന്‍റെ വെല്‍നെസ് സെന്‍റര്‍ ഉദ്ഘാടന ചടങ്ങില്‍ മേയറും സുരേഷ് ഗോപിയും പരസ്‌പരം പ്രശംസ അറിയിച്ചതോടെയാണ് വിഷയം ഇടത് മുന്നണിയില്‍ ചര്‍ച്ചയായത്. തൃശൂർ നിയോജക മണ്ഡലത്തിന്‍റെയും കേരളത്തിന്‍റെയും വികസനം എന്ന കാഴ്‌ചപ്പാടാണ് സുരേഷ് ഗോപിക്ക് ഉള്ളത് എന്നാണ് എം കെ വർഗീസ് പറഞ്ഞത്. എന്നാൽ ബിജെപിയിൽ ചേരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നിഷേധാത്മകമായാണ് എം കെ വര്‍ഗീസ് പ്രതികരിച്ചത്.