മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറില്‍ ഇടിച്ചു ; അഞ്ച് പേര്‍ക്ക് പരിക്ക് - CM Convoy Ambulance Accident
Published : Mar 4, 2024, 1:58 PM IST
കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ്യൂഹത്തിന് ഒപ്പം എത്തിയ ആംബുലൻസ് കാറില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. നെടുംകുന്നം സ്വദേശി പാഴൂർ വീട്ടില്‍ തോമസ് മാത്യു (53) ഭാര്യ മിനി (51 ), മിനിയുടെ സഹോദരി റാണിമോൾ (34), റാണിയുടെ മക്കളായ ഇവാൻ (6), ജുവൽ മരിയ (5) എന്നിവർക്കാണ് പരിക്കേറ്റത്. കാര്‍ യാത്രികരാണ് പരിക്കേറ്റ അഞ്ച് പേരും. ഇവര്‍ സഞ്ചരിച്ച കാറില്‍ ആംബുലൻസ് ഇടിക്കുകയായിരുന്നു. ഞായറാഴ്‌ച (മാര്‍ച്ച് 3) വൈകുന്നേരം ആയിരുന്നു അപകടം. എറണാകുളത്തെ പൊതു പരിപാടി കഴിഞ്ഞ് അവിടെ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹം. യാത്രയ്‌ക്കിടെ മണിമല പ്ലാച്ചേരിയ്‌ക്ക് സമീപത്ത് വച്ചായിരുന്നു അപകടം. വൈകുന്നേരം 5:45 ഓടെയാണ് സംഭവം ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഏറ്റവും പിന്നിലായിട്ടായിരുന്നു ആംബുലൻസ്. ഈ ആംബുലൻസാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രികരായ കുടുംബത്തിന് സാരമായ പരിക്കുകളുണ്ടായി. ഇതേ തുടര്‍ന്ന് ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളിയില്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.