ബേപ്പൂരിൽ നിർത്തിയിട്ട ബോട്ടിന് തീപിടിച്ചു ; ഭാഗികമായി കത്തിനശിച്ചു - ബോട്ട് കത്തിനശിച്ചു
Published : Jan 24, 2024, 10:18 AM IST
കോഴിക്കോട് : ബേപ്പൂരിൽ നിർത്തിയിട്ട ബോട്ടിന് തീപിടിച്ചു. ബി സി റോഡ് കമ്മ്യൂണിറ്റി ഹാളിന്‍റെ സമീപത്തായി പ്രവർത്തിച്ചുവരുന്ന സ്വാഗത് മറിനാസ് എന്ന യാർഡിൽ നിർത്തിയിട്ട (Boat caught fire) ബോട്ടിനാണ് തീ പിടിച്ചത്. പുലർച്ചെ 3:50 ഓടെയാണ് സംഭവം. മിലൻ എന്ന വലിയ മത്സ്യബന്ധന ബോട്ടിനാണ് തീ പിടിച്ചത്. ഈ ബോട്ടിൻ്റെ പ്രൊപ്പല്ലർ മാറ്റുന്നതിനുവേണ്ടി യാഡിൽ എത്തിച്ചതായിരുന്നു. തീ ആളിപ്പടർന്നതോടെ പരിസരവാസികളുടെയും മറ്റ് ബോട്ട് ജീവനക്കാരുടെയും നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. കൂടാതെ മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരം അറിയിച്ചു. ഫയർ യൂണിറ്റംഗങ്ങൾ ഫ്ലോട്ടിങ് പമ്പുകൾ (വെള്ളത്തിന് മുകളിലിട്ട് പ്രവർത്തിക്കുന്ന പമ്പ്) ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിൽ തീ നിയന്ത്രണ വിധേയമാക്കി. 75 ലക്ഷം രൂപയോളം വില വരുന്നതാണ് മിലൻ എന്ന ബോട്ട്. ഇത് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. സമീപം നിരവധി ബോട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഫയർ യൂണിറ്റ് അംഗങ്ങളുടെ അവസരോചിതമായ ഇടപെടലിന്‍റെ ഫലമായി പടരാതെ അണയ്ക്കാനായി. മീഞ്ചന്ത അഗ്നി രക്ഷാനിലയം അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ പി സുനിൽ,ഗ്രേഡ് അസിസ്റ്റന്‍റ് ഓഫീസർ, ഇ ഷിഹാബുദ്ധീൻ, ഫയർ ഓഫീസർമാരായ സിപി ബിനീഷ്, ജിൻസ് ജോർജ്, ജോസഫ് ബാബു, പി ശൈലേഷ്, സി ഷിജു, ഹോം ഗാർഡുമാരായ എൻ വി റഷീഷ്, കെ സത്യൻ,വിശ്വംഭരൻ തുടങ്ങിയവർ തിയണയ്ക്കുന്നതിന് നേതൃത്വം നൽകി.