സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പുതിയ സേവന-വേതന കരാര്‍; ഫെഫ്‌ക - ഫെഫ്‌ക പുതിയ കരാര്‍
Published : Jan 30, 2024, 7:43 PM IST
തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പുതിയ സേവന - വേതന കരാര്‍ നിലവില്‍ വന്നതായി ഫെഫ്‌ക ഭാരവാഹികള്‍ അറിയിച്ചു. ടെലിവിഷന്‍ പ്രൊഡ്യൂസേര്‍സ് അസോസിയേഷനും, സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയും എംഡിടിവിയും തമ്മിലുള്ള പരസ്‌പര ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്ത മൂന്ന് വര്‍ഷക്കാലമാണ് കരാര്‍ കാലാവധി. ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ, മലയാളം ടെലിവിഷന്‍ പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷംനാദ് ഫസലുദ്ദീന്‍ എന്നിവര്‍ സംയുക്തമായാണ് ഈ കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം സിനിമ മേഖലയിലെ പോലെ ടെലി സീരിയല്‍ മേഖലയിലും തൊഴില്‍ ഉറപ്പ് വരുത്തുമെന്നും 1 മണിക്കൂര്‍ ലഞ്ച് ബ്രെക്ക് ഉറപ്പാക്കുമെന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. സമയ വ്യവസ്ഥയും ബാറ്റയും കൃത്യമായി ചിട്ടപ്പെടുത്തി. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം കണ്ടെത്തുന്നതിനായി എക്സൈസ് വിഭാഗം പരിശോധന നടത്തുന്നതില്‍ ഉണ്ണികൃഷ്‌ണൻ പ്രതികരിച്ചിരുന്നു. സെറ്റുകളിലെ പരിശോധന നടക്കട്ടെ. എക്സൈസ് പരിശോധന വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു ഉണ്ണികൃഷ്‌ണന്‍റെ പ്രതികരണം.