എൻഐഎ ഭേദഗതി ബില്ലില്‍ കോൺഗ്രസ് എതിർത്തു വോട്ട് ചെയ്തോ? ഉരുണ്ട് കളിച്ച് ആന്‍റോ ആന്‍റണി എംപി - Anto Antony
Published : Mar 13, 2024, 10:45 PM IST
പത്തനംതിട്ട: എൻഐഎ ഭേദഗതി ബില്ലിൽ കോൺഗ്രസ് എതിർത്തു വോട്ട് ചെയ്തോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി ആന്‍റോ ആന്‍റണി എംപി. ഇന്ന് പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ ആന്‍റോ ആന്‍റണിക്ക് ഉത്തരം മുട്ടിയത്. ചോദ്യം ആവർത്തിച്ചതോടെ എംപി ഉരുണ്ടു കളിച്ചു. പൗരത്വഭേദഗതിയ്ക്ക് എതിരെ ആന്‍റോ ആന്‍റണി സംസാരിച്ചു വരുന്നതിനിടെയായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. ഇതേ പത്രസമ്മേളനത്തിലാണ് ആന്‍റോ ആന്‍റണി പുല്‍വാമ ആക്രമണം സംബന്ധിച്ച് ബിജെപിയ്‌ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. 42 ജവാന്മാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതെന്നാണ് ആന്‍റോ ആന്‍റണി ആരോപിച്ചത്. പാകിസ്ഥാന് ഈ സ്‌ഫോടനത്തില്‍ പങ്ക് എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യൻ ടെറിട്ടറിക്കകത്ത് നടന്ന സംഭവത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് അദ്ദേഹം പറഞ്ഞു. ജവാന്മാരെ മനപൂർവം ആ റൂട്ടിലെത്തിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു എന്ന് പറഞ്ഞത് മുൻ ഗവർണർ തന്നെയാണ്. സർക്കാരിന്‍റെ സഹായമില്ലാതെ ഇത്രയും സ്‌ഫോടക വസ്‌തുക്കള്‍ എത്തിക്കാൻ കഴിയില്ലെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ അന്നേ പറഞ്ഞിരുന്നു. 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്തത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നെന്നും ആന്‍റോ ആന്‍റണി ആരോപിച്ചു.