മാത്യു കുഴൽനാടന്‍റെ ഭൂമി അളക്കുന്നതിന് മുൻപ് സിപിഎം അളക്കേണ്ടത്ത് പാർട്ടി ഓഫീസുകള്‍; സേനാപതി വേണു - senapathi venu
Published : Feb 20, 2024, 4:58 PM IST
ഇടുക്കി: മാത്യു കുഴല്‍നാടനെതിരെ ആരോപണമുന്നയിച്ച ഇടുക്കിയിലെ സിപിഎം ജില്ലാസെക്രട്ടറി സി.വി. വര്‍ഗീസിന് മറുപടിയുമായി കോൺഗ്രസ് നേതൃത്വം. മാത്യു കുഴൽനാടന്‍റെ ഭൂമി അളക്കാൻ പോകുന്നതിന് മുൻപ് സിപിഎം അളക്കേണ്ടത്ത് പാർട്ടി ഓഫീസുകളാണെന്ന് കെപിസിസി മീഡിയ വക്‌താവ് അഡ്വ സേനാപതി വേണു. ചിന്നക്കനാൽ പഞ്ചായത്തിൽ സിപിഎം നേതാക്കൾ കൈവശം വച്ചിരിക്കുന്നത് കൈയ്യേറ്റ ഭൂമിയാണ്. ചിന്നക്കനാലിൽ സിപിഎം നേതാക്കൾ കൈയ്യേറി വച്ചിരിക്കുന്ന ഭൂമി ഞങ്ങൾ ചൂണ്ടി കാണിച്ചു തരാം. സി.വി. വർഗീസിന് ആർജ്ജവം ഉണ്ടെങ്കിൽ ആ ഭൂമി പിടിച്ചെടുത്ത് ഭൂമി ഇല്ലാത്തവർക്ക് കൊടുക്കണമെന്നും അഡ്വ സേനാപതി വേണു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന നയവിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്യു കുഴൽനാടന്‍റേത് കയ്യേറ്റ ഭൂമിയാണെങ്കിൽ, സിപിഎമ്മിന്‍റെ ജില്ലയിലെ ഒട്ടുമിക്ക ഓഫീസുകളും കയ്യേറ്റ ഭൂമിയിലാണ് നിലനില്‍ക്കുന്നതെന്ന് ആരോപിച്ച് സേനാപതി വേണു നേരത്തെയും രംഗത്തെത്തിയിരുന്നു. മാത്യു കുഴൽനാടനെ വിമര്‍ശിക്കുന്നവര്‍ ആദ്യം തങ്ങള്‍ കൈയേറിയ ഭൂമി ഒഴിഞ്ഞുനല്‍കണം. ശാന്തൻപാറ, മൂന്നാർ എന്നിവിടങ്ങളിലെ ഭൂമി കൃഷി ആവശ്യത്തിന് നൽകിയിട്ടുള്ളതാണ്. അവിടങ്ങളിലെ പാർട്ടി ഓഫീസുകൾ പൊളിച്ചുമാറ്റണം. കൂടാതെ ബൈസൺ വാലിയില്‍ സർക്കാർ പുറമ്പോക്കിലുളള ഓഫീസും പൊളിച്ചുമാറ്റണം. 20 ഏക്കറില്‍ പട്ടയം പോലുമില്ലാത്ത സ്ഥലത്താണ് സിപിഎം പാര്‍ട്ടി ഓഫീസ് പണിതിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.