'അടിസ്ഥാന സൗകര്യങ്ങളൊരുക്കണം'; വഞ്ചിവയലില്‍ നിരാഹാര സമരവുമായി ആദിവാസികള്‍ - നിരാഹാര സമരം ഇടുക്കി
Published : Feb 3, 2024, 5:14 PM IST
ഇടുക്കി: വണ്ടിപ്പെരിയാര്‍ വഞ്ചിവയല്‍ ആദിവാസി കോളനിയില്‍ വികസനം ആവശ്യപ്പെട്ട് ഊരു മൂപ്പന്‍റെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങി. ഊരാളി വിഭാഗത്തില്‍പ്പെടുന്ന 87 കുടുംബങ്ങളിലെ അംഗങ്ങളാണ് സമരത്തിന് തുടക്കം കുറിച്ചത്. വഞ്ചിയിൽ ആദിവാസി കോളനിയിലേക്കുള്ള 4 കിലോമീറ്റർ റോഡ് സഞ്ചാരയോഗ്യമാക്കുക, കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, മൊബൈൽ റേഞ്ച് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വഞ്ചിവയലിൽ കുടിൽ കെട്ടി നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് ആദിവാസി കോളനിയില്‍ സ്ഥിതി ചെയ്യുന്നത്. കോളനിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാരം ആരംഭിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ഊര് നിവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ മാറി വരുന്ന സര്‍ക്കാരുകളും ഭരണ കര്‍ത്താക്കളും ആവശ്യം നിറവേറ്റിയില്ലെന്നതാണ് വാസ്‌തവം. സമാന ആവശ്യം ഉന്നയിച്ച് ഊര് മൂപ്പന്‍ അജയന്‍ നേരത്തെ ഇലക്‌ട്രിക് ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണിയും മുഴക്കിയിരുന്നു. ഇതോടെ ജില്ല സബ് കലക്‌ടര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വാഗ്‌ദാനം നടപ്പിലായില്ല. ഇതോടെയാമ് നിരാഹാര സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമെ നിരാഹാര സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ഊര് മൂപ്പന്‍ അജയന്‍ പറഞ്ഞു.