വിജയ് സേതുപതി പറഞ്ഞ ആ ചിക്കൻ 65 റെസിപ്പി.... (ETV Bharat) ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ ഇഷ്‌ടമുള്ളവരാണല്ലോ നമ്മൾ. പതിവ് രീതികളിൽ നിന്ന് മാറി അൽപ്പം വെറൈറ്റി പരീക്ഷിക്കാനും പലർക്കും ഏറെ താത്പര്യമാണ്. അത്തരത്തിൽ ഒരു വെറൈറ്റി കുക്കിങ് റെസിപ്പിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആ കുക്കിങ് റെസിപ്പി പങ്കുവച്ചതാകട്ടെ നടൻ വിജയ് സേതുപതിയും. തമിഴിലെ ഒരു കുക്കിങ് റിയാലിറ്റി ഷോയിൽ, താരം പ്രധാന വേഷത്തിലെത്തിയ 'മഹരാജ' സിനിമയുടെ പ്രൊമോഷനായി എത്തിയപ്പോഴായിരുന്നു സംഭവം.
ഇഷ്‌ടപ്പെട്ട ഭക്ഷണവിഭവം ഏതാണെന്ന് ചോദിച്ചപ്പോൾ ചിക്കൻ ഫ്രൈ എന്നായിരുന്നു താരത്തിന്‍റെ മറുപടി. തനിക്ക് ഏറെ ഇഷ്‌ടപ്പെട്ട ചിക്കൻ 65 റെസിപ്പിയും താരം പങ്കുവച്ചു. സംഗതി നമ്മൾ സ്ഥിരം കണ്ട് പരിചയിച്ച, വെറുതെ മസാല ചേർത്ത് എണ്ണയിൽ ഇട്ട് വറുക്കുന്ന ചിക്കൻ 65 ഒന്നുമല്ല കേട്ടോ, ആൾ അൽപം വെറൈറ്റിയാണ് എന്നാൽ വളരെ സിംപിളുമാണ്. ആദ്യം ചിക്കനിൽ ചേർക്കുന്ന മസാല തയ്യാറാക്കണം. ഇതിനായി മല്ലിയില, ആവശ്യത്തിന് പച്ചമുളക്, ജീരകം, കുരുമുളക്, ഇഞ്ചി വെളുത്തുള്ളി എന്നിവ തൈരും ചേർത്ത് നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കാതിരിക്കുമല്ലോ.
ശേഷം അരച്ചെടുത്ത പ്രത്യേക കൂട്ട് ചിക്കനിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ എങ്കിലും മസാല പിടിക്കാനായി ചിക്കന്‍ മാറ്റിവയ്‌ക്കാം. തുടർന്ന് വെളിച്ചെണ്ണയിൽ പൊരിച്ചെടുത്താൽ ചിക്കൻ ഫ്രൈ തയ്യാർ. ഏതായാലും സംഭവം സോഷ്യൽ മീഡിയയിൽ സംസാര വിഷയമായി. പലരും വിജയ് സേതുപതി റെസിപ്പി പരീക്ഷിച്ച് വീഡിയോ പങ്കുവയ്‌ക്കുന്നുമുണ്ട്. കണ്ടമ്പററി നർത്തകരും അധ്യാപകരുമായ ലതിനും നിജയുമാണ് ഇടിവി ഭാരനിതായി ഈ ചിക്കൻ ഫ്രൈയുണ്ടാക്കി പരീക്ഷിച്ച് വിജയിച്ചത്.
വിജയ് സേതുപതി പ്രിയപ്പെട്ട നടൻ ആയതുകൊണ്ടും ഭക്ഷണത്തിൽ പരീക്ഷണം നടത്തുന്നത് ഇഷ്‌ടമായതുകൊണ്ടും വല്ലപ്പോഴും ഇത്തരം രീതികൾ അവലംബിക്കുന്നതിൽ തെറ്റില്ലെന്നാണ് പാചകത്തിനിടയിൽ നിജ പ്രതികരിച്ചത്. ആദ്യ കാഴ്‌ചയിൽ ആകർഷിക്കുന്ന സൗന്ദര്യമൊന്നും വിജയ് സേതുപതി സ്‌പെഷ്യൽ ചിക്കൻ ഫ്രൈക്ക് ഇല്ലെങ്കിലും ആദ്യ ബൈറ്റിൽ കഴിക്കുന്നയാളെ 'പുള്ളി' കീഴടക്കുമെന്നുറപ്പ്. നല്ല നടന്‍റെ രുചിയും നല്ലതുതന്നെ. ഏതായാലും വിജയ് സേതുപതിക്ക് നന്ദി, മികച്ച ഒരു രസക്കൂട്ട് സമ്മാനിച്ചതിന്.
ALSO READ:മമ്മൂക്കയുടെ മനസ്സ് കവര്‍ന്ന മീൻ കറി ദേ ഇവിടെയുണ്ട്