മഹാവിസ്‌മയം!!! തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിന് മുന്നിൽ എത്തിയാൽ ആരും അറിയാതെ പറഞ്ഞു പോകുന്ന വാക്കാണിത്. ലോകത്തിനു മുന്നിൽ ചോളരടങ്ങുന്ന ദ്രാവിഡവംശക്കാരുടെ മുൻതലമുറ പടുത്തുയർത്തിയ മഹാവിസ്‌മയം. കുഞ്ചരമല്ലൻ രാജരാജ പെരുന്തച്ചന്‍റെ കരവിരുത് കണ്ടു വേണം രണ്ടു ഗോപുരവും കടന്ന് ബൃഹദീശ്വര ക്ഷേത്രം അഥവാ പെരിയ കോവിലിനു മുന്നിൽ എത്താൻ.
ഒറ്റ കല്ലിൽ തീർത്ത ഭീമൻ നന്ദിയെയും വണങ്ങി നേരെ പടവുകൾ കയറി ക്ഷേത്രത്തിന് അകത്തേക്ക് കടക്കാം. തച്ചന്‍റെ മാന്ത്രിക വിരൽകൊണ്ട് കൊത്തുപണികളാലുള്ള കൽതൂണുകൾക്ക് ഇടയിലൂടെ നടന്ന് നീങ്ങിയാൽ മുന്നിൽ തെളിയും ഏറ്റവും വലിയ ശിവലിംഗം. 13 അടി ഉയരമുള്ള പ്രതിഷ്‌ഠയായ ശിവലിംഗം തുടങ്ങി കമാനങ്ങളിലെ ചില ഭിത്തികൾ വരെ ഒറ്റക്കല്ലിൽ നിർമിച്ചതാണെന്നത് അത്ഭുതപ്പെടുത്തും.
1000 ആനകളെയും 5000 കുതിരകളെയും 1,30,000 പടയാളികളെയും 1.3 ലക്ഷം ടൺ കരിങ്കല്ലുകളും ഉപയോഗിച്ച് വർഷങ്ങൾക്കൊണ്ട് പൂർത്തിയാക്കിയ ക്ഷേത്രമാണ് ഇതെന്ന് ചരിത്രം പറയുന്നു. രാത്രിയിൽ സ്വർണം പോലെ തിളങ്ങുന്ന രാജ്യത്തെ ഏറ്റവും വലിപ്പമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ പെരിയ കോവിൽ കാണാൻ ഓരോ ദിവസവും ആയിരങ്ങളാണ് എത്തുന്നത്.
ആരാധന മാത്രമല്ല, ചരിത്രപ്രാധാന്യം കൊണ്ട് കൂടിയാണ് ഈ ക്ഷേത്രം ഇത്രയും ശ്രദ്ധയാകർഷിക്കുന്നത്. ക്ഷേത്ര ഗോപുരത്തിനു അകത്ത് കയറിയാൽ ചോള സാമ്രാജ്യത്തിന്‍റെ വീര ഇതിഹാസ കഥകൾ കാതിൽ മുഴങ്ങും. ഒരു കൽക്ഷേത്രത്തെ ആയിരംകൊല്ലം ഇങ്ങനെ നിർത്തിയ ശിൽപികളെയും അവരുടെ കണക്കുകളെയും നമിക്കേണ്ടി വരും. കാലത്തെ അതിജീവിച്ച് ഒരു അത്ഭുതമായി നിലനിൽക്കുന്ന തഞ്ചാവൂർ ബൃഹദീശ്വരക്ഷേത്രം യുനസ്‌കോയുടെ ലോക പൈതൃക സ്‌മാരക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
തഞ്ചാവൂർ എന്ന ക്ഷേത്ര ഗ്രാമം
ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന ഒരു നഗരമാണ് തഞ്ചാവൂർ. കാവേരി നദിയുടെ തീരത്തുള്ള സ്ഥലം. തമിഴ്‌നാടിന്‍റെ അന്നപാത്രമെന്നാണ് തഞ്ചാവൂർ അറിയപ്പെടുന്നത്. കൃഷിയും, കരകൗശല വസ്‌തുക്കളുടെ നിർമാണവും, നൃത്തവും, ചിത്രം വരയലും ഇവിടെ കാണാം. രാജരാജചോളനാണ് ക്ഷേത്രനിർമാണത്തിനു മുൻകയ്യെടുത്തത്.
വേഗം നടന്നു നീങ്ങിയാൽ ഒരു മണിക്കൂർ കൊണ്ട് വേണമെങ്കിൽ ക്ഷേത്രം കണ്ടു മടങ്ങാം. എന്നാൽ ഭിത്തികളിലെ എഴുത്തും ശിൽപങ്ങളും കൊത്തുപണികളും അൽപം വിശ്രമവും കൂടി ആയാൽ, മണിക്കൂറുകൾ വേണ്ടി വരും ക്ഷേത്രം കണ്ടു മടങ്ങാൻ. മൂന്നു ഗോപുരവും കടന്നു ശിൽപ വൈവിധ്യങ്ങൾ ആസ്വദിച്ചു വേണം തഞ്ചാവൂർ ചതുരക്കെട്ടിനു പുറത്തിറങ്ങാൻ.
പ്രധാന ഗോപുരത്തിന് 59.82 മീറ്റർ ഉയരമുണ്ട്. അക്കാലത്ത് ഏറ്റവും വലിയ ക്ഷേത്രഗോപുരം തഞ്ചാവൂരായിരുന്നത്രേ. അതിനാലാണ് പെരിയകോവിൽ അഥവാ വലിയ ക്ഷേത്രം എന്ന പേരുവീണത്.
നിഴൽ വീഴാത്ത നിഗൂഢത
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ബൃഹദീശ്വരക്ഷേത്രം. എന്നാൽ ഉച്ചസമയത്ത് ഈ ക്ഷേത്രത്തിന്‍റെ നിഴൽ ഭൂമിയിൽ പതിക്കില്ല. വർഷത്തിൽ ഒരു സമയത്തും നട്ടുച്ചയ്ക്ക് നിഴൽ വീഴാത്ത വിധത്തിലാണ് ഇത് രൂപകൽപന ചെയ്‌തിരിക്കുന്നതെന്ന് പറയപ്പെടുന്നു.
ക്ഷേത്രം പൂർത്തിയപ്പോൾ ക്ഷേത്രത്തിന്‍റെ ഉയരം കണ്ട് രാജാവിന് ഒരു സംശയം ഉണ്ടായി. അത് ശിൽപിയോട് ചോദിക്കുകയും ചെയ്‌തു. ഈ ക്ഷേത്രം എപ്പോഴെങ്കിലും വീഴാൻ പോകുമോ എന്നായിരുന്നു ആ ചോദ്യം. എന്നാൽ ശിൽപിയുടെ മറുപടി ക്ഷേത്രത്തിന്‍റെ നിഴൽ പോലും ഭൂമിയിൽ വീഴില്ല എന്നായിരുന്നു. അത് സത്യമായി. 81.28 ടൺ ഭാരമുള്ള ക്ഷേത്രത്തിനു മുകളിലെ മകുടം ഇന്നും ക്ഷേത്ര സന്ദർശകർക്ക് മുന്നിൽ അത്ഭുതമായി നിലകൊള്ളുന്നു.
ഇന്നത്തെ സാങ്കേതികവിദ്യയൊന്നും ലഭ്യമല്ലാതിരുന്ന കാലത്ത് ഇത്രയും ഭാരമുള്ള കല്ല് ഗോപുരത്തിനു മുകളിൽ പ്രതിഷ്‌ഠിച്ചത് എങ്ങനെയെന്ന് ആലോചിക്കുമ്പോൾ ആർക്കും ആശ്ചര്യം തോന്നാം. തഞ്ചാവൂരിൽ നിന്ന് ഏതാണ്ട് ആറര കിലോമീറ്റർ ദൂരെയുള്ള സരപല്ലം എന്ന സ്ഥലത്തു നിന്ന് നിർമിച്ച ചരിഞ്ഞ പ്രതലത്തിലൂടെയാണ് ഈ ശില ഗോപുരത്തിന് മുകളിൽ എത്തിച്ചത് എന്നാണ് കരുതപ്പെടുന്നത്.
കേരളന്താകനും രാജരാജൻ തിരുവയിലും കടന്ന്
അഞ്ചുനിലകളുള്ള ആദ്യഗോപുരത്തിന് പേര് കേരളാന്തകൻ തിരുവയൽ എന്നാണ്. കേരളത്തിലെ രാജാവായിരുന്ന ഭാസ്‌കരരവിവർമനെ കീഴടക്കിയതിനെ തുടർന്ന് രാജരാജചോളന് കേരളാന്തകൻ എന്ന ബഹുമതി ലഭിച്ചിരുന്നു. ആ വിജയത്തിന്‍റെ ഓർമയ്ക്കായി ക്ഷേത്രനിർമാണം പൂർത്തിയായി എട്ടുവർഷത്തിനുശേഷം നിർമിച്ചതാണ് ഈ ഗോപുരം. മൂന്നുനിലകളുള്ള രണ്ടാമത്തെ ഗോപുരത്തിന് രാജരാജൻ തിരുവയിൽ എന്നാണ് പേര് നൽകിയിരുന്നത്.
ആദ്യഗോപുരം നിർമിക്കുന്നതിനു മുൻപ് ഇതിന്‍റെ പണി പൂർത്തിയാക്കിയിരുന്നു. ശിവ-പാർവതി പരിണയം, മാർക്കേണ്ഡയനെ കാലനിൽ നിന്ന് രക്ഷിക്കുന്ന ശിവൻ, മുരുകനും വള്ളിയും ഇങ്ങനെ പുരാണ കഥകളിൽനിന്നുള്ള രംഗങ്ങളാണ് കൂടുതലായി കൊത്തിവെച്ചിരിക്കുന്നത്. ഉൾഭാഗത്ത് ബോധിവൃക്ഷച്ചുവട്ടിലിരിക്കുന്ന ബുദ്ധന്‍റെയും യുദ്ധത്തിന് പുറപ്പെടുന്ന ഗണപതിയുടെയും രൂപങ്ങൾക്കൊപ്പം ശിവലിംഗം തലയിലേറ്റി നടക്കുന്ന രാജാക്കന്മാരുടെ ശിൽപങ്ങളും കാണാം.
മാറി മാറി വന്ന അധികാരങ്ങൾ
പതിമൂന്നാം നൂറ്റാണ്ടോടെ ചോളസാമ്രാജ്യത്തിന്‍റെ പ്രതാപകാലം അവസാനിച്ചിരുന്നു. പിന്നീട് തഞ്ചാവൂർ പാണ്ഡ്യന്മാരുടെ ഭരണത്തിൻ കീഴിലായി. ആ സമയത്ത് ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ പടത്തലവനായ മാലിക് കഫൂറിന്‍റെ സൈന്യം തഞ്ചാവൂർ ആക്രമിച്ച് കീഴടക്കിയിരുന്നു. പക്ഷേ, അധികം കഴിയും മുൻപുതന്നെ മാലിക്കിനെ തുരത്തി പാണ്ഡ്യന്മാർ അധികാരം പുനസ്ഥാപിച്ചു.