ന്യൂഡല്‍ഹി :വിശുദ്ധ റമദാന്‍ ഇസ്‌ലാം മത വിശ്വാസികള്‍ക്ക് പുണ്യ ദിനങ്ങളാണ്. ഉപവാസത്തിനൊപ്പം കൂടുതല്‍ ആത്മീയ കാര്യങ്ങളില്‍ മുഴുകുന്ന മാസമാണ് റമദാന്‍. ഇക്കാലയളവ് ഇഫ്‌താര്‍ വിരുന്നുകളുടെയും സംഗമങ്ങളുടെയും കാലം കൂടിയാണ്. ഇഫ്‌താര്‍ വിരുന്നുകളുടെ വാര്‍ത്തകളാണിപ്പോള്‍ മാധ്യമങ്ങളില്‍ ഏറെയും നിറയുന്നത്. വ്യത്യസ്‌ത ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന്‍റെയും അതിന്‍റെ ചേരുവകളെ കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വീഡിയോകള്‍ നിറയുകയാണ്. ഇഫ്‌താറിന് പുറമെ സെഹ്‌റിക്കും (പുലര്‍ച്ചെയുള്ള ഭക്ഷണം) ഇതുപോലെ വ്യത്യസ്‌ത ഭക്ഷണ വിഭവങ്ങള്‍ തീന്മേശയില്‍ നിറയും.
സെഹ്‌രി സമയത്ത് കഴിക്കുന്ന 'ഖജ്‌ല' ഏറെ പ്രശസ്‌തമാണ്. ഡല്‍ഹിക്കാരുടെ പ്രധാന വിഭവങ്ങളിലൊന്നാണിത്. പാലില്‍ കുതിര്‍ത്താണ് കഴിക്കുക. വലിയൊരു പാത്രത്തിന്‍റെ വലിപ്പമുള്ളതാണ് ഈ വിഭവം. ഏകദേശം 12 മണിക്കൂര്‍ നേരമെടുത്താണ് ഈ പലഹാരം തയ്യാറാക്കുന്നത്.
ഡല്‍ഹിയിലാണ് റമദാന്‍ മാസത്തില്‍ ഈ പലഹാരം വളരെയധികം കാണാറുള്ളത്. മറ്റ് ഇസ്‌ലാമിക് രാജ്യങ്ങളുമായി ഇതിന് ബന്ധങ്ങളൊന്നുമില്ല. റമദാന്‍ മാസം തുടങ്ങിയാല്‍ ഡല്‍ഹിയിലെ തെരുവോരങ്ങളിലെ കടകളിലെല്ലാം ഖജ്‌ലകള്‍ നിറയും.