ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഓണക്കോടിയെടുക്കാനും പൂക്കളമിടാനും ഓണസദ്യ ഒരുക്കാനുമുള്ള തിരക്കിലാകും എല്ലാവരും. വിഭവ സമൃദ്ധമായ സദ്യ ഓണത്തിന്‍റെ സവിശേഷതയാണ്. പച്ചടി, കിച്ചടി, അവിയൽ, തോരൻ, കാളൻ, ഓലൻ, അച്ചാർ അങ്ങനെ വിഭവങ്ങൾ കൊണ്ട് ഇല നിറയും. ആർപ്പോ വിളി ഇല്ലാതെ എന്ത് വള്ളംകളി എന്ന് പറയുന്നത് പോലെ പായസം ഇല്ലാതെ നമ്മൾ മലയാളികൾക്ക് എന്ത് ഓണ സദ്യയാല്ലേ.
തെക്കായാലും വടക്കായാലും ഓണസദ്യയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പായസം. പാൽപ്പായസം, അടപ്പായസം, പാലട പായസം, സെമിയ പായസം അങ്ങനെ നിരവധി പായസങ്ങൾ ഓണത്തിന് മേശമേൽ നിറയും. സാധാരണയിൽ നിന്നും ഒന്ന് മാറി ചിന്തിച്ച് ഇത്തവണ ഒരു വെറൈറ്റി പായസമായലോ? നല്ല നെയ്യും, പച്ചരിയുമെല്ലാം ചേർത്ത് ഒരു ഉഷാർ നെയ്‌പായസം. അതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
- നെയ്യ് 250 ഗ്രാം
- പച്ചരി 1/4 കിലോ
- ശർക്കര 1/2 കിലോ
- ഏലക്ക 1 സ്‌പൂൺ
- തേങ്ങ 1 കപ്പ്
തയ്യാറാക്കുന്ന വിധം:ആദ്യം പച്ചരി വെള്ളത്തിലിട്ട് നാല് മണിക്കൂറോളം കുതിർക്കുക. ഇത് ഒരു പാത്രത്തിലാക്കി വെള്ളം ചേര്‍ത്ത് അടുപ്പത്തേക്ക് വയ്‌ക്കാം. ഇത് പകുതി വേവിച്ചെടുക്കുക. അതിലേക്ക് ശർക്കര പാനിയും ഏലക്കാപ്പൊടിയും ചേർത്ത് നന്നായിട്ട് വേവിക്കുക. നന്നായി കുറുകി വരുന്ന സമയത്ത് ഇതിലേക്ക് നെയ്യ് കൂടി ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ അണ്ടിപ്പരിപ്പും മുന്തിയും നെയ്യിൽ വഴറ്റിയെടുത്ത് പായസത്തിൽ ചേർക്കാം. മാത്രമല്ല തേങ്ങക്കൊത്തും വഴറ്റിയെടുത്ത് ചേർക്കാം. ഇത് കൂടുതല്‍ രുചി പകരും. ഇപ്പോൾ ടേസ്റ്റിയായ നെയ്‌പ്പായസം തയ്യാർ.
Also Read:പുളി-മധുരം കോംമ്പോ; നാവില്‍ കപ്പലോടും രുചിക്കൂട്ട്, ഓണത്തിനൊരു കിടിലന്‍ പച്ചടി