zമന്ത്രി കെബി ഗണേഷ് കുമാര്‍ സംസാരിക്കുന്നു തിരുവനന്തപുരം:സംസ്ഥാനത്തെ കെഎസ്ആർടിസിയുടെ ദാരിദ്ര്യം മാറുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. അഞ്ചാം തീയതിക്ക് മുമ്പ് ജീവനക്കാർക്ക് ശമ്പളവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി വാങ്ങിയ ഇലക്‌ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസുകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി കെബി ഗണേഷ് കുമാര്‍.
ഇക്കാര്യത്തില്‍ സർക്കാർ ശക്തമായ തീരുമാനം എടുത്തിട്ടുണ്ട്. പെൻഷൻ അടുത്ത ഒരു വർഷത്തേക്ക് കോപ്പറേറ്റീവ് ബാങ്കുകളുടെ കൺസോർഷ്യം വഴി കൊടുക്കാനുള്ള നടപടിയായി. ഇതിനായി ഒരുമാസം 35 ലക്ഷം രൂപ മാറ്റിവയ്ക്കും.
ആദ്യം പെൻഷൻ പറ്റിയവർക്ക് ആദ്യം പെൻഷൻ നൽകും. ഇതിന്‍റെ ലിസ്റ്റ് തയ്യാറാക്കി ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് ക്യാൻസർ, ഹൃദയ ശസ്‌ത്രക്രിയ, കിഡ്‌നി ശസ്‌ത്രക്രിയ എന്നീ ആവശ്യങ്ങൾക്ക് പ്രൊവിഡന്‍റ് ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ വരെ നൽകും. ഇലക്‌ട്രിക് ബസുകൾ മുഴുവൻ റീ ഷെഡ്യൂൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സിറ്റിയുടെ എല്ലാ മുക്കിലും മൂലയിലും ബസുകൾ എത്തുന്ന തരത്തിലായിരിക്കും റീ ഷെഡ്യൂൾ ചെയ്യുക. കോവളം ബീച്ചിൽ നിന്ന് സർവീസ് റോഡ് വഴി കഴക്കൂട്ടത്തേക്ക് പുതിയ സർവീസ് ആരംഭിക്കും. കെഎസ്ആർടിസിയുടെ ശുപാർശ പ്രകാരമാണ് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കേണ്ടതെന്നും ഗണേഷ് കുമാർ കൂട്ടിച്ചേര്‍ത്തു. മന്ത്രി എംബി രാജേഷും കെ.ബി ഗണേഷ് കുമാറും ചേർന്നാണ് ബസുകളുടെ ഉദ്‌ഘാടനം നിർവഹിച്ചത്.