മുളംകാടുകളാൽ നിബിഢമായ വനഭൂമിയിലേക്കൊരു യാത്ര കണ്ണൂര്‍: കുളിരുതേടി സഞ്ചാരികള്‍ കുടകിലേക്ക്. കേരളത്തില്‍ താപനില ഉയര്‍ന്നതോടെ മലയാളികളുടെ വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കയാണ് കര്‍ണാടകത്തിലെ കുടക്. കുടകിലെ നിസര്‍ഗ്ഗദാമയിലേക്കാണ് സഞ്ചാരികള്‍ ഏറേയും എത്തുന്നത്. (Karanataka Kudak Tourist Place)
കാവേരി നദിയാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപാണ് നിസര്‍ഗ്ഗദാമ (Nisargadhama). അറുപത്തിനാല് ഹെക്‌ടര്‍ വിസ്‌തൃതിയുളള നിസര്‍ഗ്ഗദാമയിലേക്ക് പ്രവേശിക്കാന്‍ കാവേരി നദിക്ക് കുറുകേ മനോഹരമായ ഒരു തൂക്കു പാലം സജ്ജീകരിച്ചിട്ടുണ്ട്. തൂക്കുപാലം കടക്കുന്നതോടുകൂടി പ്രകൃതിയുടെ മടിത്തട്ടിലേക്കാണ് സഞ്ചാരികള്‍ ചുവടുവെക്കുന്നത്.
പടര്‍ന്ന് പന്തലിച്ചു കിടക്കുന്ന വിവിധ ഇനം മുളംകാടുകളാണ് നിസര്‍ഗ്ഗദാമയുടെ പ്രധാന ആകര്‍ഷണം. മനോഹരമായി വളര്‍ന്നു നില്‍ക്കുന്ന മുളം കാടുകള്‍ക്ക് ഇടയിലൂടെ സഞ്ചരിക്കാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. ഏതാണ്ട് ഒരേ വലിപ്പത്തില്‍ മുളം കാടുകള്‍ വളര്‍ന്നു കാണുന്നതു തന്നെ മനസ്സിന് കൗതുകമാകും.
കാവേരി നദി വഴി മാറിയൊഴുകിയുണ്ടായ ദ്വീപ്: 1989 ലാണ് കാവേരി നദി, വഴി തിരിഞ്ഞുണ്ടായ ഈ ദ്വീപ് ഒരു വിനോദ സഞ്ചാര കേന്ദ്രമായി രൂപപ്പെടുത്താന്‍ വനം വകുപ്പ് തീരുമാനിച്ചത്. മുളംകാടുകള്‍ കൊണ്ട് നിബിഢമായ ഈ വനഭൂമിയില്‍ വിവിധ തരം മുളകള്‍ പിടിപ്പിച്ച് ആകര്‍ഷകമാക്കുകയായിരുന്നു. പുള്ളിമാനുകളുടെ ആവാസകേന്ദ്രമായ ഇവിടം വനം വകുപ്പ് അവര്‍ക്കായി വിശാലമായ ഒരു പാര്‍ക്കും രൂപകല്‌പന ചെയ്‌തു.
മുളംകാടിനു പുറമേ ചന്ദനവും തേക്കും ഇരൂളുമൊക്കെ നിസര്‍ഗ്ഗദാമയില്‍ കാണാം. പാഴ്‌മരങ്ങള്‍ പോലും ശില്‌പങ്ങളാക്കി മാറ്റി പാര്‍ക്ക് ആകര്‍ഷകമാക്കിയിട്ടുണ്ട്. മുളംകാടുകളില്‍ കാറ്റടിക്കുമ്പോഴുള്ള ചൂളം വിളിയും നിസര്‍ഗ്ഗദാമയില്‍ സഞ്ചാരികളെ മായിക ലോകത്തെത്തിക്കും. കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുളള സഞ്ചാരികളാണ് കൂടുതലായി ഇവിടെ എത്തുന്നത്.
നിസര്‍ഗ്ഗദാമില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരിടമാണ് പക്ഷികളുടെ പാര്‍ക്ക്. സൗത്ത് അമേരിക്കയിലെ മാക്കോ ആണ് ഇവിടുത്തെ പ്രധാന താരം. സ്‌മോള്‍ കോണൂര്‍, ഒട്ടകപക്ഷി, തുടങ്ങി മുപ്പതോളം വിവിധ പക്ഷി വര്‍ഗ്ഗങ്ങള്‍ ഈ പാര്‍ക്കിലുണ്ട്.
30 രൂപ ടിക്കറ്റില്‍ ഇവിടെ കയറാം. ഇതെല്ലാം കണ്ടുകഴിഞ്ഞാല്‍ കുടകിന്‍റെ തനത് നൃത്ത രൂപങ്ങള്‍ ശില്‌പങ്ങളിലൂടെ വിവിധ ഇടങ്ങളിലായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പ്രത്യേക ആഘോഷവേളകളില്‍ കുടകര്‍ അവരുടെ ആചാര വേഷങ്ങള്‍ ധരിച്ച് കോല്‍-ആട്ട് എന്ന പുരുഷ നൃത്തമാണ് ഒരിടത്തുള്ളത്. എതിര്‍ഭാഗത്ത് സ്ത്രീകളുടെ നൃത്തമായ ഉമ്മാത്ത് -ആട്ട് എന്നതും ഈ പാര്‍ക്കിനെ ആകര്‍ഷകമാക്കുന്നു.
സഞ്ചാരികള്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും ഏറുമാടങ്ങളും ഇരിപ്പിടങ്ങളും ഓരോ സ്ഥലത്തും ഒരുക്കിയിട്ടുണ്ട്. നിസര്‍ഗ്ഗദാമ ചുറ്റിക്കഴിഞ്ഞാല്‍ കിഴക്കു ഭാഗത്ത് വഴിപിരിഞ്ഞ് പോകുന്ന കാവേരി പുഴയില്‍ തണുപ്പിനെ പുണരാം. വെള്ളം കുറവെങ്കിലും ഇവിടെ എത്തിയാല്‍ സര്‍വ്വ ക്ഷീണവും അകലും.
താമസിക്കാന്‍ എത്തുന്നവര്‍ക്ക് അതിഥി മന്ദിരങ്ങളും ഇവിടെയുണ്ട്. കുടകിലെ മടിക്കേരിയില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിസര്‍ഗ്ഗദാമയിലെത്താം. കുശാല്‍ നഗറില്‍ നിന്ന് മൂന്ന് കിലോമീറ്ററാണ് ദൂരം. നിസര്‍ഗ്ഗദാമയിലേക്കുള്ള പ്രവേശനത്തിന് മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് മുപ്പത് രൂപയുമാണ് ടിക്കറ്റ് നിരക്ക്.