തിരുവനന്തപുരം :കെഎസ്‌ആര്‍ടിസിയുടെ ജനപ്രിയ ബജറ്റ് ടൂറിസം ഇനി അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും. തമിഴ്‌നാട്ടിലെ മഹാബലിപുരം, വേളാങ്കണ്ണി, തഞ്ചാവൂര്‍, മധുര, ചെന്നൈ, കുംഭകോണം എന്നിവിടങ്ങളിലേക്കും കര്‍ണാടകയിലെ മൈസൂര്‍, മൂകാംബിക എന്നിവിടങ്ങളിലേക്കുമാണ് കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം ആരംഭിച്ചത്. ഡിപ്പോകള്‍ കേന്ദ്രീകരിച്ചല്ല പകരം ബുക്കിങ് എങ്ങനെയെന്ന് പരിശോധിച്ച ശേഷം ട്രിപ്പ് നിശ്ചയിക്കുന്ന തരത്തിലാകും പാക്കേജുകളെന്നും കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ കോര്‍ഡിനേറ്റര്‍ ഉദയ കുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ബുക്കിങ് എങ്ങനെ?
യാത്രകാര്‍ക്ക് അതാത് ജില്ലകളിലെ ബജറ്റ് ടൂറിസം സെല്ലുകളിലോ വീടിനടുത്തുള്ള കെഎസ്‌ആര്‍ടിസി ഡിപ്പോകളിലോ പാക്കേജ് ബുക്ക് ചെയ്യാം. 35 പേരടങ്ങുന്ന സംഘത്തിനായി കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്‌സ് ബസിലാകും യാത്രകള്‍ സംഘടിപ്പിക്കുക. ബുക്കിങ് അനുസരിച്ച് ഓരോ മാസത്തെയും പാക്കേജ് പത്ര മാധ്യമങ്ങള്‍ വഴിയും കെഎസ്‌ആര്‍ടിസിയുടെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയും പ്രസിദ്ധീകരിക്കും.
ഫെബ്രുവരിയിലെ പാക്കേജിന്‍റെ വിവരങ്ങള്‍ ജനുവരി അവസാനത്തോടെ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 93 യൂണിറ്റുകള്‍ വഴിയാകും ബജറ്റ് ടൂറുകള്‍ സംഘടിപ്പിക്കുക. ദൂരം കണക്കാക്കിയാണ് പാക്കേജിന്‍റെ തുക നിശ്ചയിക്കുക.