കണ്ണൂർ:കോടയിൽ പുതഞ്ഞ മലയോരത്തെ റബർ തോട്ടത്തിലൂടെ സഞ്ചരിച്ചാൽ കണ്ണൂർ മാതമംഗലത്തിനടുത്ത് പറവൂർ പുഴയും കടന്ന് കാരക്കുണ്ടിലെത്താം. താഴേക്കുള്ള ചെറു റോഡിലൂടെ അല്‍പം മുന്നോട്ട് നടന്നാൽ പാറയിൽ തട്ടി നുരഞ്ഞു പതഞ്ഞ് താഴേക്ക് പതിക്കുന്ന വെള്ളത്തിന്‍റെ മനോഹര ശബ്‌ദം കേൾക്കാനാകും. അതിന് ചെവിയോർത്ത് നീങ്ങിയാല്‍, കാണാം ആ വശ്യമനോഹരമായ കാഴ്‌ച. കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടം.
ചുരുക്കം വർഷം കൊണ്ട് വിനോദസഞ്ചാരികളെ അത്രയേറെ ആകർഷിച്ച കണ്ണൂരിലെ അപൂർവം മഴക്കാല വെള്ളച്ചാട്ടങ്ങളിൽ ഒന്ന്. ഇടവപ്പാതി തുടങ്ങിയാൽ കാരക്കുണ്ടിൽ സഞ്ചാരികൾ ഒഴിഞ്ഞ നേരമില്ല. വെള്ളച്ചാട്ടം കണ്ടാസ്വദിക്കാൻ മാത്രമല്ല റീൽസ് എടുക്കാനും കല്യാണ ഷൂട്ടിനും എത്തുന്നവര്‍ ഏറെ. കുടുംബത്തോടൊപ്പം എത്തുന്നവർ വേറെയും.