കണ്ണൂര്‍ :ഇരുമ്പ് ചട്ടിയിലെ തിളക്കുന്ന എണ്ണയില്‍ മുങ്ങിത്താഴ്‌ന്ന് മൊരിയുകയാണ് കോഴിക്കാലും കിഴങ്ങുപൊരിയും. ഇങ്ങനെ വറുത്തുകോരി മാറ്റിവച്ചിരിക്കുന്ന എട്ട് കൂട്ടം പലഹാരങ്ങള്‍. എല്ലാം കണ്ണൂരിന്‍റെ തനതു വിഭവങ്ങള്‍ തന്നെ. നാലുമണി ചായയ്‌ക്കുള്ള എണ്ണക്കടികള്‍ തയാറാക്കുന്ന തെരക്കിലാണ് ചൊക്ലി കാഞ്ഞിരത്തിന്‍ കീഴിലുള്ള സൗഹൃദം വനിത ഹോട്ടലിലെ ജീവനക്കാര്‍.
ഊണും ചിക്കന്‍ ബിരിയാണിയും അടക്കം സൗഹൃദത്തില്‍ ലഭിക്കുെമങ്കിലും ഇവിടുത്തെ പലഹാരങ്ങള്‍ക്കാണ് പെരുമ. പഴംപൊരി, ബോണ്ട, ഉഴുന്നുവട, പരിപ്പുവട, അരിക്കടുക്ക തുടങ്ങി വിവിധങ്ങളായ വിഭവങ്ങളാണ് സൗഹൃദം ഹോട്ടലിന്‍റെ മെനുവിലുള്ളത്. ഊണുകഴിഞ്ഞ് വൈകിട്ട് മൂന്നുമണിയോടെ സജിനകുമാരിയും കൂട്ടരും പലഹാര പണികള്‍ ആരംഭിക്കും. ആദ്യം പാഴ്‌സല്‍ നല്‍കേണ്ട പലഹാരങ്ങള്‍ തയാറാക്കും.
സൗഹൃദത്തിലെ രുചിപ്പെരുമ (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കോഴിക്കാലിന്‍റെ പ്രിപ്പറേഷനാണ് ആദ്യം. തൊലികളഞ്ഞ് വെളളത്തില്‍ കുതിര്‍ത്തുവച്ച കപ്പ നേര്‍ത്ത കൊള്ളികളായി അരിഞ്ഞെടുക്കണം. ഇത് അരിയുന്നതിലും വേണം പ്രത്യേക വൈദഗ്‌ധ്യം. കോഴിക്കാലിന്‍റെ സൗന്ദര്യം ഈ അരിയലിലാണ്. അരിഞ്ഞെടുത്ത കപ്പ, മഞ്ഞള്‍പൊടി, മുളക് പൊടി, കറിവേപ്പില, മല്ലിയില, പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത മസാലയില്‍ മുക്കിവയ്‌ക്കണം. മസാല പിടിച്ച കപ്പ എണ്ണയില്‍ മൊരിഞ്ഞുവരുമ്പോഴുള്ള ആ ഗന്ധം, പലഹാര പ്രേമികളെ സൗഹൃദത്തിലേക്ക് മാടിവിളിക്കാന്‍ ഇതുമാത്രം മതി. ഇതേ രീതിയില്‍ തന്നെയാണ് കിഴങ്ങുപൊരിയും തയാറാക്കുന്നത്. ഈ രണ്ടുപലഹാരങ്ങളും ആണ് ഇവിടുത്തെ വിഐപികള്‍, ഇവയ്‌ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
മൊരിഞ്ഞ മധുരമുള്ള പഴംപൊരിയാണ് അടുത്ത താരം. പലഹാരങ്ങള്‍ ചൂടോടെ രുചിക്കാന്‍ വൈകിട്ടോടെ തന്നെ ആളുകള്‍ ഹോട്ടലിന്‍റെ വരാന്തയില്‍ തമ്പടിച്ചു തുടങ്ങും. നാലുമണിയായാല്‍ പിന്നിവിടെ ജനസാഗരമാണ്. മൂന്ന് വര്‍ഷം മുന്‍പാണ് കുടുംബശ്രീ സംരംഭമായ ഹോട്ടല്‍ ആരംഭിച്ചത്. സജിനകുമാരിയാണ് നേതൃസ്ഥാനത്ത്. പാചകത്തിനും വിതരണത്തിനുമായി രതി, ജാനകി, ശ്രീജ എന്നിവരും ഉണ്ട്. മൂന്നാണ്ടുകൊണ്ട് പലഹാര പ്രേമികളുടെ ഇഷ്‌ട കേന്ദ്രമായി മാറിയിരിക്കുകയാണ് സൗഹൃദം.
Also Read: മുളകിട്ട മീന്‍കറി; ഉച്ചയൂണിന് മീന്‍ വറുത്തതും മധുരമൂറും പ്രഥമനും, മേനപ്രയിലെ മേനപ്രം ഹോട്ടല്‍