ഒരു അടാറ് തട്ടുകട... രുചിയറിയണെങ്കില്‍ ഇരിട്ടിയിലേക്ക് പോന്നോളീ കണ്ണൂര്‍: തേങ്ങയരച്ച് അതില്‍ മസാല ചേര്‍ത്ത് കുറുക്കി, മീന്‍ ഇട്ട് അരിമാവില്‍ മുക്കി ആവിയില്‍ വേവിച്ചത് കഴിച്ചിട്ടുണ്ടോ ?. മീന്‍ അട എന്ന് വിളിപ്പേരുള്ള ഈ വിഭവത്തിന്‍റെ യഥാര്‍ത്ഥ രുചി നുണയണമെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയായ ഇരിട്ടിയില്‍ തന്നെ എത്തണം.
കര്‍ണാടകത്തിലേക്ക് കുടക് വഴി പോകുന്ന സഞ്ചാരികളുടെയും, കേരളത്തിലെ ആറളം വന്യജീവി സങ്കേതത്തിലേക്ക് പോകുന്നവരുടേയും ഇടത്താവളമാണ് ഇരിട്ടി. ടൗണിലെ ജുമാമസ്ജിദിന് എതിര്‍ വശമുള്ള റോഡരികിലെ തട്ടുകട സവിശേഷമായ രുചി ഭേദങ്ങളുടെ കലവറയാണ്.
വൈകീട്ട് അഞ്ച് മണിക്ക് കട സജീവമാകുന്നതോടെ തനിച്ചും കൂട്ടായും ആളുകള്‍ ഇവിടേക്കൊഴുകാന്‍ തുടങ്ങും. സഞ്ചാരികള്‍ക്ക് പുറമേ ഇരിട്ടി നഗരത്തിലും പരിസരത്തുമുള്ള ആളുകളും രുചികരമായ ഭക്ഷണത്തിനുവേണ്ടി ഈ തട്ടുകടയിലെത്തും. അര്‍ദ്ധ രാത്രി കഴിഞ്ഞ് ഒരു മണിയായാലും ഈ കടയില്‍ തിരക്കോട് തിരക്കാണ്. അതെന്താണെന്നല്ലേ.. ഇവിടുത്തെ രുചിക്കൂട്ടുകളുടെ മാന്ത്രികത തന്നെയാണ് ഈ ഒഴുക്കിന് പിന്നില്‍.
മിക്‌സിംഗ് ഭക്ഷണ രീതിയാണ് ഈ തെരുവോര കടയുടെ പ്രത്യേകത. പുട്ട് -ബീഫ് മിക്‌സിംഗ്, പത്തല്‍ ബോട്ടി മിക്‌സിംഗ്, ഒറോട്ടി ചിക്കന്‍ മിക്സിംഗ്, കപ്പ-കോഴി പാര്‍ട്‌സ്, ബീഫ് പാര്‍ട്‌സ് മിക്‌സിംഗ്, പൂരി-മുട്ട മിക്‌സിഗ്, തുടങ്ങി വൈവിധ്യങ്ങളായ ചേരുവകളുടെ സംഗമം തന്നെയാണ് ഈ തട്ടുകടയില്‍. രുചിയുടെ കാര്യത്തില്‍ എല്ലാം ഒന്നിനൊന്ന് മെച്ചവും. അതുകൊണ്ടുതന്നെ ഇവിടെ എത്തിയാല്‍ എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷനാണ്. എന്ത് കഴിക്കണം എന്നോര്‍ത്ത്.
പുട്ടിനൊപ്പമോ ഒറോട്ടിക്കൊപ്പമോ ഓരോരുത്തര്‍ക്കും ഇഷ്‌ടപ്പെട്ട മിക്‌സിംഗ് ചേര്‍ക്കാന്‍ പറയുകയേ വേണ്ടൂ, നിമിഷങ്ങള്‍ക്കകം അത് റെഡിയാക്കി നല്‍കും. എല്ലാം മിക്‌സ് ചെയ്ത് കഴിക്കാനാണ് ഭക്ഷണ പ്രിയര്‍ ഇവിടെ എത്തുന്നത്. തീര്‍ന്നില്ല ഇവിടുത്തെ വെറൈറ്റികള്‍.
ബ്രെഡ്ഡിനകത്ത് മസാല ചേര്‍ത്ത് മുട്ട വെച്ച് സേമിയ കൊണ്ട് അലങ്കരിച്ചതിന് പേര് കിളിക്കൂട്. കിളിക്കൂടും മറ്റ് മിക്‌സിംഗും പാഴ്‌സലാക്കി നല്‍കും. പിന്നെ ഒരു മുഴുവന്‍ അയല മാവില്‍ മുക്കി ആവിയില്‍ വേവിച്ചതാണ് മീനട. ബീഫ് കൊണ്ടുള്ള ഇറച്ചി പത്തല്‍, പഴം നിറച്ചത്, കോഴിക്കാല്‍, മുട്ട ബജി, മുളകാബജി, കല്ലുമ്മക്കായ, ഉന്നക്കായ, പഴം പൊരി, മസാല ബോണ്ട തുടങ്ങി ഇരുപതിലേറെ പലഹാരങ്ങള്‍ ഈ തട്ടുകടയില്‍ സുലഭം.
സന്ധ്യ മയങ്ങും മുമ്പ് തന്നെ ഈ കടയില്‍ പലഹാര പ്രിയരുടെ തിരക്കേറും. ആവി പറക്കുന്ന ചിക്കനും ബീഫും ഒക്കെ മിക്‌സ് ചെയ്യുന്ന മണം ഉയരുന്നതോടെ ഭക്ഷണ പ്രേമികള്‍ ഈ തട്ടുകടയിലേക്ക് ആകര്‍ഷിക്കപ്പെടും. ഇരുന്നും നിന്നും കഴിക്കാന്‍ പാകത്തില്‍ കടയുടെ ഇരു ഭാഗങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട് (Thattukada in kannur iritty).
നാടന്‍ പാചകത്തിന്‍റെ കൈപ്പുണ്യം കൊണ്ട് അനുഗ്രഹീതമായ ഇരിട്ടി-മാടത്തിയിലെ റാബിയയുടെ മക്കളായ തോണിയന്‍ ഫൈസല്‍ സഹോദരങ്ങളായ ഷഫീഖ്, അഷറഫ്, സലാം എന്നിവര്‍ കൂട്ടായാണ് ഈ കട പ്രവര്‍ത്തിപ്പിക്കുന്നത്. ഉമ്മയുടെ പാചക പാരമ്പര്യം കൈമുതലായി ലഭിച്ചതിനാലാണ് രുചിയോടെ നല്ല ഭക്ഷണ വിഭവങ്ങള്‍ വിളമ്പാന്‍ കഴിയുന്നതെന്നാണ് ഇവര്‍ പറയുന്നത്. ആ രുചിപ്പെരുമയാണ് ഈ തെരുവോര കടയിലേക്ക് വീണ്ടും വീണ്ടും എത്താന്‍ ഏവരേയും പ്രേരിപ്പിക്കുന്നതും.