പ്രഭാതഭക്ഷണങ്ങളില്‍ പലതിനും കറിയാക്കുന്ന ഒന്നാണ് ഗ്രീന്‍പീസ്. ചപ്പാത്തി, പൂരി, ഇഡലി, ദോശ എന്നിവയ്‌ക്കെല്ലാം ഗ്രീന്‍പീസ് കറി ഉപയോഗിക്കാറുണ്ട്. ഗ്രീന്‍പീസ് കുറുമ, ഗ്രീന്‍പീസ് വെജിറ്റബിള്‍ കുറുമ, തേങ്ങയരച്ച ഗ്രീന്‍പീസ് കറി എന്നിങ്ങനെയുള്ള കറികളാണ് മിക്കപ്പോഴും കാണാറുള്ളത്. ഗ്രീന്‍പീസ് കൊണ്ടുള്ള ഒരു വെറൈറ്റി വിഭവമാണ് മുട്ട ഗ്രീന്‍പീസ് മസാല. സാധാരണ വൈകുന്നേരം ബീച്ചുകളില്‍ കറങ്ങി നടക്കുന്നവരില്‍ പലരും തട്ടുകടകളില്‍ നിന്ന് ഇത് കഴിച്ചിട്ടുണ്ടാകാം. തട്ടുകളില്‍ ലഭിക്കുന്ന രുചിയേറും ഈ സ്‌പെഷല്‍ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമുള്ള ചേരുവകള്‍:
- ഗ്രീന്‍പീസ് (വെള്ളത്തില്‍ കുതിര്‍ത്തത്)
- സവാള
- തക്കാളി
- മുട്ട
- പച്ചമുളക്
- മഞ്ഞള്‍പൊടി
- ഗരംമസാല
- ഉപ്പ്
- കറിവേപ്പില
- കുരുമുളക് പൊടി
- എണ്ണ
തയ്യാറാക്കേണ്ട വിധം: വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ഗ്രീന്‍പീസ് അല്‍പ്പം ഉപ്പ് ചേര്‍ത്ത് വേവിക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് അല്‍പം എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോള്‍ സവാള ചെറുതായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് പച്ചമുളക് ചെറുതായി അറിഞ്ഞത് അല്‍പ്പം മഞ്ഞള്‍പൊടി, ഗരംമസാല ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ശേഷം അതിലേക്ക് ഒന്നോ രണ്ടോ മുട്ട പൊട്ടിച്ചൊഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്തതിന് ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. മുട്ട വറുത്തത് പോലെയായാല്‍ അതിലേക്ക് വേവിച്ച് വച്ചിട്ടുള്ള ഗ്രീന്‍പീസ് ചേര്‍ത്ത് ഇളക്കുക. ചെറിയ തീയില്‍ അല്‍പ നേരം ഇത് അടച്ചുവച്ച് വേവിക്കുക. അല്‍പം ക്രിസ്‌പിയാകണമെന്നുണ്ടെങ്കില്‍ അടച്ച് വയ്‌ക്കാതെ ഇളക്കി വേവിക്കാം. ശേഷം തീയണച്ച് ഈ കൂട്ടിന് മുകളിലേക്ക് സവാള, തക്കാളി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത് ചേര്‍ക്കാം. ഇതോടെ രുചിയൂറും ഗ്രീന്‍പീസ് മുട്ട മസാല റെഡി.
Also Read: ഒരു പറ അരിയുടെ ചോറുണ്ണും ഈ ചമ്മന്തിയുണ്ടെങ്കില്‍; കിടുക്കാച്ചി റെസിപ്പിയിതാ..