കാസർകോട്:'ചറുമുറു' എന്ന് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ ചിലപ്പോൾ കൗതുകം തോന്നിയേക്കാം. എന്നാൽ കാസർകോടുകാരുടെ ഇഷ്‌ട ഭക്ഷണമാണ് ചറുമുറു. ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ കാസർകോട്ടെ ചറുമുറുവിന്‍റെ രുചി എത്തിയിട്ടുണ്ട്.
വൈകുന്നേരങ്ങളിൽ നാട്ടിൻ പുറങ്ങളിലെ തട്ടുകടകളിൽ ചറുമുറു കഴിക്കാൻ വേണ്ടി മാത്രം നിരവധിപ്പേരെത്തും. പൈക്കത്തെ നവാസിന്റെ തട്ടുകട ചറുമുറുവിന് പേരുകേട്ടതാണ്. കാസർകോട്ടെ ചിലർ ഇതിനെ 'ചറുമുറി' എന്നും വിളിക്കാറുണ്ട്.
വെറും മൂന്ന് മിനിറ്റ് കൊണ്ട് ഉണ്ടാക്കാം എന്നതാണ് ചറുമുറുവിന്‍റെ ഒരു പ്രത്യേകത. ചറുമുറുവും അതിന്‍റെ മുകളിൽ മുട്ട ബുൾസൈയും ഇത്തിരി ആട്ടിൻ സൂപ്പും കൂടി ആയാൽ സംഗതി പൊളിക്കും. ബംഗാൾ വഴി കർണാടകയിൽ നിന്നും കാസർകോട് എത്തിയ വിഭവമാണ് ചറുമുറുവെന്ന് പറയപ്പെടുന്നു.