ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് സ്‌പോട്ടുകളുള്ള ഇടമാണ് തെലങ്കാന. നിരവധി സ്‌മാരകങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണിവിടം. തെലങ്കാനയിലെ തന്നെ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുള്ള നഗരമാണ് ഹൈദരാബാദ്.
പതിനാറാം നൂറ്റാണ്ടിലെ നിരവധി ചരിത്ര സ്‌മരണകളുള്ള ഇടമാണ് ജനത്തിരക്കേറെയുള്ള ഹൈദരാബാദ്. 1951ല്‍ നിര്‍മിക്കപ്പെട്ട ചാര്‍മിനാര്‍ ഹൈദരാബാദിലെ ഒരു പ്രധാന ലാന്‍ഡ് മാര്‍ക്കാണ്. ഹുസൈൻ സാഗർ തടാകം, നെക്ലേസ് റോഡ്, എൻടിആർ പാർക്ക്, ലുംബിനി പാർക്ക്, ബുദ്ധ പ്രതിമ, ചാർമിനാർ, ഗോൽക്കൊണ്ട ഫോർട്ട്, ഖുതുബ്ഷാഹി ശവകുടീരങ്ങൾ, ചൗമഹല്ല പാലസ് തുടങ്ങിയ നിരവധിയിടങ്ങളുണ്ട് ഇവിടെ.
ഹൈദരാബാദിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രം സന്ദര്‍ശിക്കാന്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരും. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഹൈദരാബാദ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഇനി ഹൈദരാബാദിലെ പ്രധാനപ്പെട്ട അഞ്ച് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
റാമോജി ഫിലിം സിറ്റി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റികളിലൊന്നാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. ഏകദേശം 2000 ഏക്കര്‍ സ്ഥലത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദ്-വിജയവാഡ റൂട്ടിലെ അനാജ്‌പൂര്‍ ഗ്രാമത്തിലെ ഹയാത്‌നഗറിലാണ് ഈ ഡെസ്റ്റിനേഷന്‍ ഉള്ളത്. പ്രമുഖ വ്യവസായിയായിരുന്ന റാമോജി റാവുവാണ് ഫിലിം സിറ്റിയുടെ സ്ഥാപകന്‍.
1996ലാണ് ഫിലിം സിറ്റി സ്ഥാപിക്കപ്പെട്ടത്. റാമോജി റാവുവിന്‍റെ ഉടമസ്ഥതയിലുള്ള ഉഷാ കിരണ്‍ മൂവീസ് എന്ന ചലചിത്ര കമ്പനി ഇന്ത്യന്‍ സിനിമ മേഖലയില്‍ ചെലുത്തിയ സ്വാധീനമാണ് ഇത്തരമൊരു ഫിലിം സിറ്റി ആരംഭിക്കാനിടയാക്കിയത്. ഹിന്ദി, മലയാളം തെലുഗു, കന്നട, മറാത്തി, ബംഗാളി തുടങ്ങി നിരവധി ഭാഷകളിലുള്ള ഒട്ടനവധി സിനിമകള്‍ക്ക് വേദിയാകാറുണ്ട് ഇവിടം.
ഒരോ ദിവസവും പതിനായിരക്കണക്കിന് ആളുകളാണ് വിവിധയിടങ്ങളില്‍ നിന്നായി ഫിലിം സിറ്റി സന്ദര്‍ശിക്കാനെത്തുന്നത്. ഒരേസമയം 50 ഫിലിം യൂണിറ്റുകള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നയിടം. മാത്രമല്ല ഫിലിം ആര്‍ട്ടിസ്റ്റുകള്‍ അടക്കമുള്ള മുഴുവന്‍ ക്രൂവിനും താമസ സൗകര്യം അടക്കം ഇവിടെ സജ്ജമാണ്. സിനിമകള്‍ ചിത്രീകരിക്കുന്നതിനും സഞ്ചാരികള്‍ക്ക് കണ്ട് ആസ്വദിക്കുന്നതിനായും ഫിലിം സിറ്റിക്കകത്ത് നിരവധിയിടങ്ങളുണ്ട്.
ലണ്ടന്‍ സ്‌ട്രീറ്റ്, ഹോളിവുഡ് സൈന്‍, ജാപ്പനീസ് ഗാര്‍ഡന്‍, വിമാനത്താവളം, ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍, ലാന്‍ഡ് സ്‌കേപ്പുകള്‍, തെരുവുകള്‍, ലബോറട്ടറികള്‍, കൊട്ടാരം ഉള്‍പ്പെടെ വിവിധ രീതിയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിവയെല്ലാം ഇവിടെയുണ്ട്. ലോകത്തെ പ്രശസ്‌തമായ നിര്‍മിതികള്‍ക്ക് സമാനമായ സെറ്റുകളും ഇവിടെ കാണാന്‍ കഴിയും.
ലോക ശ്രദ്ധയാകര്‍ഷിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. സിനിമ പ്രധാനമായും ചിത്രീകരിച്ചത് റാമോജിയില്‍ വച്ചായിരുന്നു. ചിത്രത്തിലെ ബ്രഹ്മാണ്ഡ സെറ്റായ മഹിഷ്‌മതി സാമ്രാജ്യവും ഇവിടെയാണ് ഒരുക്കിയത്. ചിത്രീകരണത്തിന് പിന്നാലെ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്‌ചയായിരുന്നു ഈ സെറ്റ്. സന്ദര്‍ശകര്‍ക്കായി ഇപ്പോഴും ഈ സെറ്റ് റാമോജിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
മാത്രമല്ല ലൈവ് ഷോകള്‍, ലൈവ് സിനിമ ചിത്രീകരണം, അഡ്വഞ്ചര്‍ ആക്‌ടിവിറ്റികള്‍ എന്നിവയെല്ലാം ഇവിടെയെത്തിയാല്‍ ആസ്വദിക്കാനാകും.
ഗോല്‍ക്കൊണ്ട ഫോര്‍ട്ട്: രാജഭരണ കാല സ്‌മരണകളാണ് കോട്ടകള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ് ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട ഫോര്‍ട്ട്. ഏഴ് വലിയ കവാടങ്ങളുള്ള ഈ കോട്ടയ്‌ക്ക് പടുകൂറ്റന്‍ മതിലുകളാണുള്ളത്. മാത്രമല്ല രാജ ഭരണ കാലത്തെ ദര്‍ബാര്‍ ഹാളും രഹസ്യ അറകളും നിരവധി കുളങ്ങളും കോട്ടക്കുള്ളില്‍ ഇപ്പോഴും പഴയ പ്രൗഢിയോടെ തന്നെയുണ്ട്.
എഡി 1554ലാണ് കോട്ട നിര്‍മിക്കപ്പെട്ടത്. കുത്തബ് ഷാഹി രാജവംശത്തിലെ നാലാമത്തെ രാജാവായ ഇബ്രാഹീം കുലി കുത്തബ് ഷായാണ് കോട്ട നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണാനാകുന്നത്. എന്നാല്‍ ഇദ്ദേഹം കോട്ട പിടിച്ചടക്കിയതാണെന്നും പറയപ്പെടുന്നുണ്ട്. നിരവധി കൊത്തുപണികളും കോട്ടയുടെ ചുവരുകളില്‍ കാണാനാകും.
ഏറെ ഉയരത്തിലുള്ള കോട്ടയ്‌ക്ക് മുകളിലെത്തിയാല്‍ രാജ കുടുംബത്തിന്‍റെ പള്ളിയറയും കാണാം. നാല് വശത്ത് നിന്നും ശുദ്ധ വായു അകത്തേക്ക് പ്രവേശിക്കും വിധമാണിവിടെ പള്ളിയറ ഒരുക്കിയിട്ടുള്ളത്. കോട്ടയുടെ മുകളില്‍ രാജ ഭരണ കാലത്തെ ദര്‍ബാര്‍ ഹാളും ജയിലറയും ഉണ്ട്. ദിനംപ്രതി നിരവധി പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. കോട്ടയുടെ ഏറ്റവും മുകളിലെത്തിയാല്‍ നല്ല തണുത്ത കാറ്റും ഹൈദരാബാദിലെ നിരവധി സ്ഥലങ്ങളും കാണാം.