കൊച്ചിൻ തട്ടുകടയിലെ 'അരിക്കടുക്ക' കണ്ണൂര്‍:അരിക്കടുക്ക കഴിച്ചിട്ടുണ്ടോ? തലശ്ശേരിക്കാരുടെ സ്വകാര്യ അഹങ്കാരമായ എരിവുള്ള പലഹാരം. തോടുള്ള കല്ലുമ്മക്കായ വൃത്തിയാക്കി ശേഷം വിടര്‍ത്തിയ തോടിനുള്ളില്‍ അരിമാവ് നിറച്ചാണ് ഇത് പാകം ചെയ്യുന്നത്. പച്ചരിയും പുഴുക്കലരിയും തലേദിവസം കുതിര്‍ത്ത ശേഷം അരച്ചെടുത്ത് കുഴക്കാന്‍ പാകത്തിലുള്ള കൂട്ട് തയ്യാറാക്കണം.
ചെറിയ ഉള്ളി, പെരുംജീരകം, തേങ്ങ എന്നിവ ഈ കൂട്ടില്‍ ചതച്ച് ചേര്‍ക്കണം. പിന്നീട് കൂട്ട് തോടിനുള്ളില്‍ നിറച്ച് ആവിയില്‍ വേവിക്കണം. വേവിച്ച അരിക്കടുക്ക തോട് അടര്‍ത്തി മാറ്റി വെക്കണം.
പിന്നീട് മഞ്ഞള്‍ പൊടി മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ മസാലയില്‍ ഇത് മുക്കിയെടുക്കുക. ഇത് തവയില്‍ അല്‍പം എണ്ണയൊഴിച്ച് പൊരിച്ചെടുത്താല്‍ അരിക്കടുക്കയായി. തലശ്ശേരി - കൂത്തുപറമ്പ് റോഡിലെ കതിരൂരിലെ കൊച്ചിന്‍ തട്ടുകടയിലാണ് രുചികരമായ അരിക്കടുക്ക തയ്യാറാക്കുന്നത്.
രാവിലെ ഏഴ് മണി മുതല്‍ രാത്രി എട്ട് വരെ ഇവിടെ എത്തുന്നവര്‍ക്ക് അരിക്കടുക്ക രുചിച്ചു നോക്കാം. അഞ്ഞൂറ് മുതല്‍ മുകളിലോട്ടാണ് ഒരു ദിവസം അരിക്കടുക്കയുടെ ആവശ്യക്കാര്‍ ഇവിടെ എത്തുന്നത്.
അരിക്കടുക്കയുടെ പേരിലാണ് കൊച്ചിന്‍ തട്ടുകടയുടെ കീര്‍ത്തിയെങ്കിലും 'കൈവീശല്‍' എന്ന മധുരമുള്ള പലഹാരവും ഇവിടെ ലഭ്യമാണ്. മുട്ട ഏലക്കായ, പഞ്ചസാര പിന്നെ വെളിപ്പെടുത്താത്ത ചിലതും ചേര്‍ത്തുളളതാണ് കൈവീശല്‍. ഇതിനും ആവശ്യക്കാരേറെ.
കോഴിക്കാല്‍, കിഴങ്ങ് പൊരി, സുഖിയന്‍, ബോണ്ട, ഉന്നക്കായ, സമൂസ, മസാല ഉണ്ട, കായുണ്ട തുടങ്ങി മുപ്പതോളം ലഘു പലഹാരങ്ങള്‍ ഇവിടെ നിന്നും കഴിക്കാം. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ പാകത്തില്‍ കണ്ണാടി അലമാരയില്‍ ഇവയെല്ലാം ഒരുക്കി വെച്ചിട്ടുണ്ട്. കീശകാലിയാകാത്ത വില മാത്രമേ വിഭവങ്ങള്‍ക്ക് ഇവിടെ നിന്ന് ഈടാക്കാറുള്ളൂ.
മറ്റിടങ്ങലില്‍ പതിനഞ്ച് രൂപ വിലവരുന്ന പലഹാരങ്ങള്‍ക്ക് കൊച്ചിനില്‍ പന്ത്രണ്ട് രൂപ മാത്രമേ ഈടാക്കുന്നള്ളൂ. ചായക്ക് ഇപ്പോഴും പത്ത് രൂപ മാത്രം. മിക്‌സിങ് ഭക്ഷണത്തിനും കൊച്ചിന്‍ തട്ടുകട പ്രശസ്‌തമാണ്. കല്ലുമ്മക്കായ പുട്ട് മിക്‌സ്, ചിക്കന്‍ പുട്ട് മിക്‌സ്, ബീഫ്, കാട എന്നിവ പുട്ടില്‍ മിക്‌സ് ചെയ്‌തും കഴിക്കാനിവിടെ രുചി പ്രേമികളെത്തുന്നു.
ഓരോ ഭക്ഷണ പദാര്‍ഥവും നേരിട്ട് കണ്ട് കഴിക്കാമെന്നതാണ് ഈ തട്ടുകടയുടെ പ്രത്യേകത. തവിയില്‍ പൊരിഞ്ഞു വരുന്ന അരിക്കടുക്കയും കാട ഫ്രൈയും ബീഫുമെല്ലാം ഭക്ഷണ പ്രേമികളെ ഈ കടയിലേക്ക് ആകര്‍ഷിക്കുന്നു. ഏത് ഭക്ഷണ സാധനവും ഓര്‍ഡര്‍ ചെയ്‌താല്‍ ഇരുന്ന് കഴിക്കാന്‍ കുറച്ചിടം ഇവിടെ മാറ്റി വെച്ചിട്ടുണ്ട്. ധര്‍മ്മടം താഴെ വീട്ടില്‍ ഫര്‍ബാന്‍, ഷൗക്കത്ത്, റയീസ്, ഷംസു, എന്നീ സഹോദരന്‍മാര്‍ ചേര്‍ന്നാണ് കൊച്ചിൻ തട്ടുകട നടത്തി പോന്നത്. കതിരൂര്‍ ടൗണിലെ മാത്രമല്ല ഇത് വഴി പോകുന്ന യാത്രികരുടേയും രൂചിയുടെ കേന്ദ്രം കൂടിയാണ് കൊച്ചിന്‍ തട്ടുകട.