ഹൈദരാബാദ്: അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനായി ഓട്ടോ-ഡബ്ബിങ് ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്. വീഡിയോകൾ മറ്റ് ഭാഷകളിൽ ലഭ്യമാവുന്നതിനും കാണികൾക്ക് ലോകമെമ്പാടുമുള്ള വീഡിയോ ക്രിയേറ്റർമാരുടെ വീഡിയോകൾ ഭാഷാ തടസമില്ലാതെ മനസിലാക്കുന്നതിനുമാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം വിജ്ഞാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇൻഫോർമേറ്റീവ് ചാനലുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാവൂ എന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്.
വിനോദം ഉൾപ്പെടെയുള്ള മറ്റ് കണ്ടന്‍റുകൾ ചെയ്യുന്ന ചാനലുകളിലേക്കും ഈ ഫീച്ചർ വിപുലീകരിക്കുമെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്. അതേസമയം മോണിറ്റൈസേഷൻ ലഭിക്കാത്ത ചാനലുകൾക്ക് ഓട്ടോ ഡബ്ബിങ് ഫീച്ചർ ലഭ്യമാവുമോയെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. ചുരുങ്ങിയ ഭാഷകളിലാവും നിലവിൽ ഈ ഫീച്ചർ ലഭ്യമാവുക.
ഓട്ടോ-ഡബ്ബിങ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?
നിങ്ങളൊരു യൂട്യൂബ് വീഡിയോ ക്രിയേറ്റർ ആണെങ്കിൽ, വീഡിയോ അപ്‌ലോഡ് ചെയ്‌തതിനു ശേഷം യൂട്യൂബ് സ്വമേധയാ നിങ്ങളുടെ കണ്ടന്‍റിലെ ഭാഷ തിരിച്ചറിഞ്ഞ് മറ്റു ഭാഷകളിലേക്ക് ഓട്ടോമാറ്റിക്കായി ഡബ്ബ് ചെയ്യും. ഡബ്ബ് ചെയ്‌ത വീഡിയോകൾ വീഡിയോ ക്രിയേറ്റർമാർക്ക് കേൾക്കാൻ സാധിക്കും. ഇതിനായി എന്തുചെയ്യണമെന്ന് പരിശോധിക്കാം.
- യൂട്യൂബ് അഡ്വാൻസ്‌സ് സെറ്റിങ്സ് സെലക്‌ട് ചെയ്യുക
- 'യൂട്യൂബ് സ്റ്റുഡിയോ' എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക
- തുടർന്ന് ഭാഷാ വിഭാഗത്തിലേക്ക് പോയി ആവശ്യമുള്ള ഭാഷ തെരഞ്ഞെടുക്കുക.
ഭാഷ തെരഞ്ഞെടുത്തതിന് ശേഷം ആ ഭാഷയിൽ ഡബ്ബ് ചെയ്‌ത വീഡിയോ നിങ്ങൾക്ക് കേൾക്കാനാകും. ഡബ്ബ് ചെയ്‌ത വീഡിയോ തൃപ്‌തികരമല്ലെങ്കിൽ നിങ്ങൾക്ക് അവ ഡിലീറ്റ് ചെയ്യാനുള്ള ഓപ്‌ഷനുമുണ്ടാകും. അതേസമയം ഡബ്ബ് ചെയ്‌ത വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് ശരിയാണോയെന്ന് പരിശോധിക്കാനുള്ള ഓപ്‌ഷനും യൂട്യൂബ് നൽകും.