ഹൈദരാബാദ്:ഇന്ത്യൻ പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകിക്കൊണ്ട് രാജ്യം മുന്നേറുകയാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി രാജ്യത്ത് പല ആയുധങ്ങളും തദ്ദേശീയമായി നിർമിക്കുകയും മറ്റുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങൾക്ക് മറ്റ് രാജ്യങ്ങളിൽ പ്രചാരമേറുകയാണ്. ഇത് ഇന്ത്യയെ ലോക രാജ്യങ്ങൾക്കിടയിൽ വൻ സാമ്പത്തികശക്തിയാക്കി മാറ്റുമെന്നതിൽ സംശയമില്ല.
ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന്‍റെ പുരോഗതിയിൽ വലിയ സംഭാവനകൾ വഹിച്ച പ്രതിരോധ മന്ത്രാലയത്തിന്‍റെ ഗവേഷണ-വികസന വിഭാഗമാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ അഥവാ ഡിആർഡിഒ. അഗ്നി മിസൈൽ, പിനാക്ക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറർ, തേജസ് ലൈറ്റ് കോംപാറ്റ് എയർക്രാഫ്‌റ്റ്, ആകാശ് എയർ ഡിഫൻസ് സിസ്റ്റം എന്നിവയുൾപ്പെടെയുള്ള നിരവധി തന്ത്രപ്രധാനമായ പ്രതിരോധ സംവിധാനങ്ങൾ ഡിആർഡിഒയുടെ കീഴിൽ നിർമിക്കുകയും വികസിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഇവയെല്ലാം 2024-ൽ വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന്‍റെ മുഖമുദ്രകളാണ്.
ഇന്ത്യൻ സായുധ സേനയ്ക്ക് ആവശ്യമായ പ്രതിരോധ സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉത്‌പ്പന്നങ്ങളും വികസിപ്പിക്കുന്ന ഒരു പ്രതിരോധ ഗവേഷണ-വികസന കേന്ദ്രമാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷൻ (DRDO). എയറോനോട്ടിക്‌സ്, ആയുധങ്ങൾ, ഇലക്ട്രോണിക്‌സ്, ലാൻഡ് കോംബാറ്റ് എഞ്ചിനീയറിങ്, ലൈഫ് സയൻസസ്, മെറ്റീരിയലുകൾ, മിസൈലുകൾ, നാവിക സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി ഡിആർഡിഒയ്‌ക്ക് കീഴിൽ നിരവധി ലബോറട്ടറികളുണ്ട്. 52 ലബോറട്ടറികളും അയ്യായിരത്തോളം ശാസ്ത്രജ്ഞരുമുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യമാർന്നതുമായ ഗവേഷണ സ്ഥാപനമാണ് ഇത്.
പ്രതിരോധ സംവിധാനങ്ങളിലും, അതിനായുള്ള സാങ്കേതികവിദ്യകളിലും രാജ്യം സ്വയംപര്യാപ്‌തത കൈവരിക്കുന്നതിന് വലിയ പങ്കുവഹിച്ചതിനൊപ്പം പ്രതിരോധ മേഖലയിലെ കയറ്റുമതിയിലും വലിയ സംഭാവന നൽകിയിട്ടുണ്ട്. മിസൈൽ സംവിധാനങ്ങൾ, റഡാറുകൾ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ, യുഎവികൾ, കവചിത വാഹനങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച ഉഗ്രശേഷിയുള്ള പിനാക്ക റോക്കറ്റുകള്‍ അര്‍മേനിയയിലേക്ക് കയറ്റുമതി ആരംഭിച്ചത് ഇതിന് ഉദാഹരണമാണ്.
സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കനുസരിച്ച് ഉണ്ടായേക്കാവുന്ന ഭീഷണികളെ ചെറുത്തുനിൽക്കാനുള്ള പ്രതിരോധ നടപടികളിലും ഡിആർഡിഒ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഡിആർഡിഒയുടെ പ്രവർത്തനം ഇന്ത്യൻ സായുധ സേനയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. രാജ്യസുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്ന ഡിആർഡിഒ ഈ വർഷം വികസിപ്പിച്ച പ്രധാന പദ്ധതികൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
ന്യൂജനറേഷൻ ആകാശ് മിസൈൽ:
2024 ജനുവരി 12നാണ് ന്യൂജനറേഷൻ ആകാശ് മിസൈലിന്‍റെ പരീക്ഷണ പറക്കൽ നടത്തിയത്. 80 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് ആളില്ലാ വിമാനങ്ങളുടെ സ്ഥാനം തിരിച്ചറിഞ്ഞ് തകർക്കാൻ കഴിയും. റഡാർ ഉപയോഗിച്ചാണ് ഇത് തിരിച്ചറിയാനാകുക. ആകാശ് താഴ്‌ന്ന ഉയരത്തിൽ പറക്കുന്ന മിസൈലായതിനാൽ തന്നെ ശത്രുക്കൾക്ക് എളുപ്പത്തിൽ റഡാറിൽ ദൃശ്യമാകില്ല.
രാജ്യത്തെ വ്യോമ പ്രതിരോധത്തിന് കരുത്തേകാനായി വികസിപ്പിച്ച പൈലറ്റില്ലാത്ത വിമാനമാണ് അഭ്യാസ്. 2024 ജനുവരി 30 നും ഫെബ്രുവരി 2നും ഇടയിലാണ് ഡിആർഡിഒ അഭ്യാസിന്‍റെ പരീക്ഷണപറക്കലുകൾ വിജയകരമായി പൂർത്തിയാക്കിയത്. ഡിആർഡിഒയുടെ എയ്‌റോനോട്ടിക്കൽ ഡെവലപ്‌മെന്‍റ് എസ്റ്റാബ്ലിഷ്‌മെന്‍റ് ആണ് അഭ്യാസിന് പിന്നിൽ.
അഭ്യാസ് (ഫോട്ടോ: ഇടിവി ഭാരത്)
ഓട്ടോപൈലറ്റിന്‍റെ സഹായത്തോടെ സ്വയമേവ പറക്കുന്നതിന് ലാപ്‌ടോപ്പ് അധിഷ്‌ഠിത ഗ്രൗണ്ട് കൺട്രോൾ സിസ്റ്റം, പ്രീ-ഫ്ലൈറ്റ് ചെക്കുകൾ, പോസ്റ്റ്-ഫ്ലൈറ്റ് വിശകലനത്തിനായി ഡാറ്റ റെക്കോർഡിങ് സംവിധാനം എന്നിവയുള്ള പ്രതിരോധ സംവിധാനമാണ് അഭ്യാസ്. റഡാർ ക്രോസ് സെക്ഷൻ, വിഷ്വൽ, ഇൻഫ്രാറെഡ് ഓഗ്മെന്‍റേഷൻ സംവിധാനങ്ങളും ഇതിലുണ്ട്. സൈനിക പരിശീലനത്തിനും വ്യോമ ഭീഷണികളെ വെടിവെച്ച് പ്രതിരോധിക്കുന്നതിനുള്ള കഴിവുകൾ പരിശീലിപ്പിക്കുന്നതിന് ഡമ്മിയായും അഭ്യാസിനെ ഉപയോഗിക്കാം. ചെലവ് കുറഞ്ഞ പ്രതിരോധ സംവിധാനമെന്ന രീതിയിൽ അഭ്യാസിന് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതകളുമുണ്ട്.
ആകാശ്‌തീർ സിസ്റ്റം:
റോക്കറ്റ് ആക്രമങ്ങൾ ഉൾപ്പെടെയുള്ള വ്യോമാക്രമങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനായി ഡിആർഡിഒ ഇന്ത്യൻ വായുസേനയ്‌ക്ക് നൽകിയ സംഭാവനയാണ് ആകാശ്‌തീർ. ഈ സംവിധാനം ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി വർധിപ്പിച്ചു. ഭാരത് ഇലക്‌ട്രാണിക്‌സ് ലിമിറ്റഡ് (ബിഇഎൽ) വികസിപ്പിച്ചെടുത്ത അഡ്വാൻസ്‌ഡ് എയർ ഡിഫൻസ് കൺട്രോൾ ആന്‍റ് റിപ്പോർട്ടിങ് സിസ്റ്റമാണ് ആകാശ്‌തീർ.
രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന മിസൈലുകളെയും ശത്രു രാജ്യത്തിന്‍റെ വിമാനങ്ങളേയും ട്രാക്ക് ചെയ്‌ത് കണ്ടെത്തുന്നതിനായി ആകാശ്‌തീർ സംവിധാനം നിർണായകമായിരിക്കും. 2024 മാർച്ചിലാണ് ബിഇഎൽ സൈന്യത്തിന് ആദ്യത്തെ ആകാശ്‌തീർ സിസ്റ്റം എത്തിച്ചത്. പിന്നീട് സെപ്‌റ്റംബർ അവസാനത്തോടെ 100 യൂണിറ്റുകൾ കൈമാറി. റഡാർ, സെൻസറുകൾ, ആശയവിനിമയ സൗകര്യങ്ങൾ എന്നിങ്ങനെ നിരവധി സജ്ജീകരണങ്ങൾ ആകാശ്‌തീർ സംവിധാനത്തിലുണ്ട്.
അഗ്നി-5 മിസൈൽ:
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവായുധ പ്രഹരശേഷിയുളള മിസൈലാണ് അഗ്നി-5. 2024 മാർച്ചിലാണ് ‘മിഷൻ ദിവ്യാസ്‌ത്ര’ എന്ന പേരിൽ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കുന്നത്. മൾട്ടിപ്പിൾ ഇൻഡിപെൻഡന്‍റലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (MIRV) സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് അഗ്നി-5. ഒരു മിസൈലിൽ തന്നെ ഒന്നിലധികം യുദ്ധമുനകൾ വഹിച്ചുകൊണ്ട് അവയെ വിവിധയിടങ്ങളിലേക്ക് തൊടുത്തുവിടാൻ ശേഷിയുള്ളതാക്കുന്ന സാങ്കേതികവിദ്യയാണ് ഇത്. ഒരേസമയം ഒന്നിലധികം ദിശകളിലേക്ക് ഒരേ മിസൈലിൽ നിന്ന് തന്നെ യുദ്ധമുനകൾ ശത്രുക്കളെ ലക്ഷ്യമാക്കി തൊടുത്തുവിടുന്നതിനാൽ രാജ്യത്തിന്‍റെ പ്രതിരോധ മേഖലയ്‌ക്ക് ഇത് വലിയൊരു നേട്ടം തന്നെയാണ്.
അഗ്നി-5 മിസൈൽ (ഫോട്ടോ: ഇടിവി ഭാരത്)
അഗ്നി-പ്രൈം ബാലിസ്റ്റിക് മിസൈൽ:
2024 ഏപ്രിൽ 24നാണ് ന്യൂ ജനറേഷൻ ബാലിസ്‌റ്റിക് മിസൈലായ അഗ്നി-പ്രൈം രാജ്യത്ത് വിജയകരമായി പരീക്ഷിക്കുന്നത്. ഡിആർഡിഒയും സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡും ചേർന്നാണ് പരീക്ഷണം നടത്തിയത്. അഗ്നി മിസൈൽ വിഭാഗത്തിൽ ആണവശേഷിയുള്ള ന്യൂ ജനറേഷൻ വകഭേദമാണ് അഗ്നി പ്രൈം. 1,000 മുതൽ 2,000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലാണിത്. ഈ മിസൈലിന് അഗ്നി സീരീസിലെ മറ്റ് മിസൈലുകളേക്കാൾ ഭാരം കുറവാണ്. പുതിയ പ്രൊപ്പൽഷൻ സംവിധാനവുമായി വരുന്ന അഗ്നി പ്രൈമിന് അഗ്നി 3 മിസൈലിന്‍റെ പകുതി ഭാരമേയുള്ളൂ. റോഡ് മാർഗമോ റെയിൽ മാർഗമോ മിസൈലിന്‍റെ ഭാഗങ്ങൾ എത്തിക്കാനും വളരെ എളുപ്പമാണ്.
അഗ്നി-പ്രൈം ബാലിസ്റ്റിക് മിസൈൽ (ഫോട്ടോ: ഐഎഎൻഎസ്)
രുദ്രം-2 മിസൈൽ:
ശത്രുക്കളുടെ നിരീക്ഷണ റഡാറുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും തകർക്കുന്നതിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്‍റി റേഡിയേഷന്‍ മിസൈലാണ് രുദ്രം-2. എയര്‍ ടു സര്‍ഫേസ് ആന്‍റി റേഡിയേഷന്‍ സൂപ്പര്‍സോണിക്ക് മിസൈലായ രുദ്രം-2 ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) സുഖോയ് എസ് യു-30 എംകെഐ യുദ്ധവിമാനത്തിൽ 2024 മെയ് 30നാണ് പരീക്ഷണ പറക്കൽ നടത്തിയത്. ഡിആർഡിഒ വികസിപ്പിച്ചെടുത്ത നിരവധി അത്യാധുനിക തദ്ദേശീയ സാങ്കേതികവിദ്യകൾ മിസൈൽ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐഎന്‍എസ് അരിഘാത്:
ആണവ പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് വെളിവാക്കുന്ന രണ്ടാമത്തെ ആണവോർജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് ഐഎന്‍എസ് അരിഘാത്. 2024 ആഗസ്റ്റ് 31നാണ് ഐഎന്‍എസ് അരിഘാത് നാവികസേനയുടെ ഭാഗമായത്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്തിനേക്കാൾ മികച്ച അരിഘാതിന് മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ ശേഷിയുണ്ട്. 6,000 ടൺ ഭാരമുള്ള മിസൈൽ അന്തർവാഹിനിക്ക് 12 കെ-15 സാഗരിക അന്തർവാഹിനി ബാലിസ്റ്റിക് മിസൈലുകൾ വരെ വഹിക്കാൻ കഴിയും. നൂതന സാങ്കേതിക വിദ്യയും എന്‍ജിനിയറിങ് രീതികളും ഉപയോഗിച്ചാണ് അരിഘാത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉപരിതലത്തിൽ പരമാവധി 12-15 നോട്ട് (മണിക്കൂറില്‍ 22-28 കിലോമീറ്റര്‍) വേഗത കൈവരിക്കാനും വെള്ളത്തിനടിയിൽ 24 നോട്ട് (മണിക്കൂറില്‍ 44 കിലോമീറ്റര്‍) വരെയും കൈവരിക്കാൻ കഴിയും.
ഐഎന്‍എസ് അരിഘാത് (ഫോട്ടോ: ഇടിവി ഭാരത് ഫയൽ)
ലോങ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ (എൽആർഎൽഎസിഎം):
2024നവംബർ 12നാണ് ഡിആർഡിഒ ആദ്യ ലോങ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചത്. മൊബൈൽ ആർട്ടിക്യുലേറ്റഡ് ലോഞ്ചർ ഉപയോഗിച്ചായിരുന്നു പരീക്ഷണം. റഡാർ, ഇലക്‌ട്രോ-ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്‌റ്റം, മിസൈലിന്‍റെ ഫ്ലൈറ്റ് പാതയിൽ വിന്യസിച്ചിരുന്ന ടെലിമെട്രി ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സെൻസറുകളുടെ ഒരു ശ്രേണി തന്നെ മിസൈലിൽ സജ്ജീകരിച്ചിട്ടുണ്ട്.
ലോങ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ (X@RMO India)
വിപുലമായ ഏവിയോണിക്‌സും സോഫ്‌റ്റ്‌വെയറും ഉപയോഗിച്ചാണ് എൽആർഎൽഎസിഎം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മൊബൈൽ ആർട്ടിക്യുലേറ്റഡ് ലോഞ്ചർ ഉപയോഗിച്ച് മൊബൈൽ ഗ്രൗണ്ട് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമുകളിൽ നിന്നും സാർവത്രിക ലംബ വിക്ഷേപണ മൊഡ്യൂൾ സംവിധാനം വഴി ഫ്രണ്ട്‌ലൈൻ കപ്പലുകളിൽ നിന്നും വിക്ഷേപിക്കാനാവും വിധമാണ് മിസൈൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഹൈപ്പർസോണിക് മിസൈൽ:
ശബ്‌ദത്തേക്കാൾ ആറിരട്ടി വേഗത്തിൽ സഞ്ചരിക്കുന്നതാണ് ഹൈപ്പർസോണിക് മിസൈൽ. ഡിആർഡിഒയുടെ മേൽനോട്ടത്തിൽ തദ്ദേശീയമായി വികസിപ്പിച്ച മിസൈലിൽ ഹൈപ്പർസോണിക് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഈ സാങ്കേതികവിദ്യ മിസൈലിൽ ഉപയോഗിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ വ്യോമയാന, പ്രതിരോധ, ബഹിരാകാശ മേഖലകളിൽ നേട്ടം കൈവരിക്കാൻ ഹൈപ്പർസോണിക് സാങ്കേതികവിദ്യയ്‌ക്കാവും.
ബാലിസ്റ്റിക് മിസൈലുകളേക്കാൾ വേഗതയുള്ളതാണ് ഹൈപ്പർസോണിക് മിസൈലുകൾ. മികച്ച റേഞ്ചും കാര്യക്ഷമതയും ലഭിക്കുന്നതിനാൽ തന്നെ ആധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് ഇവയെ ചെറുക്കാനാവില്ല. 1,500 കിലോമീറ്ററിലധികം ദൂരത്തേക്ക് യുദ്ധമുനകൾ വഹിക്കാനാകുന്നതാണ് ഈ മിസൈലുകൾ.2024 നവംബർ 16നാണ് ഡിആർഡിഒ ദീർഘദൂര ഹൈപ്പർസോണിക് മിസൈലിന്‍റെ പരീക്ഷണ പറക്കൽ നടത്തുന്നത്.
പിനാകമൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറർ:
ശത്രുക്കളെ അതിശക്തമായി ആക്രമിക്കാൻ ശേഷിയുള്ള ഇന്ത്യയുടെ പിനാക്ക റോക്കറ്റുകൾ അർമേനിയയിലേക്ക് കയറ്റുമതി ആരംഭിച്ചത് 2024 നവംബറിലാണ്. അർമേനിയക്ക് പുറമെ മറ്റ് പല രാജ്യങ്ങളും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പിനാക്ക റോക്കറ്റുകൾ വാങ്ങാൻ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഡിആർഡിഒയുടെ ആയുധ ഗവേഷണ വികസന സ്ഥാപനമായ എആർഡിഇ വികസിപ്പിച്ചെടുത്ത മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറാണ് പിനാക.
പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറർ (Getty images)
44 സെക്കൻഡിനുള്ളിൽ 12 റോക്കറ്റുകൾ വിക്ഷേപിക്കാൻ കഴിയുന്ന ആയുധ സംവിധാനമാണ് പിനാക. 75 കിലോമീറ്ററിലധികം ദൂരപരിധിയുള്ള പിനാക സ്വമേധയാ പ്രവർത്തിപ്പിക്കാനും ഫയർ കൺട്രോൾ കമ്പ്യൂട്ടർ അല്ലെങ്കിൽ ലോഞ്ചർ കമ്പ്യൂട്ടറുമായി ലിങ്ക് ചെയ്‌ത് പ്രവർത്തിപ്പിക്കാനും സാധിക്കും. 18 ലോഞ്ചറുകളുള്ള പിനാക മൾട്ടി ബാരൽ ലോഞ്ചർ 75 കിലോ മീറ്റർ അകലെയുള്ള ശത്രുവിനെ വരെ ചുട്ട് ചാമ്പലാക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉഗ്രശേഷിയുള്ള പിനാക റോക്കറ്റുകൾക്ക് ആവശ്യക്കാരും ഏറെയാണ്.
1986ൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും 1992-ഓടെയാണ് പ്രോട്ടോടൈപ്പ് പുറത്തിറക്കിയത്. പിന്നീട് 1999ലെ കാർഗിൽ യുദ്ധത്തിലാണ് പിനാക ആദ്യമായി ഉപയോഗിക്കുന്നത്. 2007ലാണ് ഉത്‌പാദനം വർധിപ്പിച്ചത്. പിന്നീട് കാലക്രമേണ പിനാക്ക റോക്കറ്റുകളിലും അതിന്‍റെ സാങ്കേതികവിദ്യയിലും മാറ്റങ്ങൾ വരുത്തുകയായിരുന്നു. ട്രജക്‌ടറി കറക്ഷൻ സിസ്റ്റം (ടിസിഎസ്) ഇതിന് ഉദാഹരണമാണ്.
ഗ്രീൻ പ്രൊപ്പൽഷൻ സിസ്റ്റം:
100 മുതൽ 500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഐബൂസ്റ്റർ സംവിധാനമാണ് ഗ്രീൻ പ്രൊപ്പൽഷൻ സിസ്റ്റം. മുംബൈ ആസ്ഥാനമായുള്ള ഡീപ്-ടെക് സ്റ്റാർട്ടപ്പായ മാനസ്‌തു സ്പേസ് ടെക്നോളജീസ് ആണ് ഗ്രീൻ പ്രൊപ്പൽഷൻ സിസ്റ്റം വികസിപ്പിച്ചെടുത്തത്. 2024 ഡിസംബർ 11നാണ് ഇത് ഡിആർഡിഒക്ക് കൊമാറുന്നത്. ബഹിരാകാശ പേടകങ്ങളിലും മറ്റ് വിക്ഷേപണ വാഹനങ്ങളിലും വിക്ഷേപണ സമയങ്ങളിൽ കെമിക്കൽ പ്രൊപ്പൽഷൻ സംവിധാനങ്ങൾക്ക് പകരം ഉപയോഗിക്കാവുന്നതാണ് ഗ്രീൻ പ്രൊപ്പൽഷൻ സംവിധാനം.
ഗ്രീൻ പ്രൊപ്പൽഷൻ സിസ്റ്റം (ഫോട്ടോ: ഐഎഎൻഎസ്)
വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമായ പ്രൊപ്പല്ലന്‍റുകൾ ഉപയോഗിച്ചുള്ള ഈ സംവിധാനം വഴി വിക്ഷേപണ സമയത്തുള്ള പാരിസ്ഥിതിക ആഘാതം കുറയ്ക്കാനാകും. കെമിക്കൽ പ്രൊപ്പൽഷൻ സംവിധാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വായു മലിനീകരണം, കുറഞ്ഞ ചെലവ്, മികച്ച പെർഫോമൻസ്, സുരക്ഷിതമായ പ്രവർത്തനം, മെച്ചപ്പെട്ട ഊർജ്ജ കാര്യക്ഷമത എന്നിങ്ങനെ നിരവധി പ്രയോജനങ്ങൾ ഗ്രീൻ പ്രൊപ്പൽഷൻ സിസ്റ്റത്തിലുണ്ട്. ഇത് ഭാവിയിലെ ബഹിരാകാശ വിക്ഷേപണങ്ങളിൽ ഗുണം ചെയ്യും.
ഡിആർഡിഒയുടെ വരാനിരിക്കുന്ന പ്രൊജക്‌ടുകൾ:
ഡിആർഡിഒയുടെ സഹകരണത്തോടെ തദ്ദേശീയമായ യുദ്ധവിമാന നിര്‍മ്മിതിയില്‍ മുന്നേറാനാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ അടുത്ത പ്ലാൻ. ഇന്ത്യയുടെ 4.5 തലമുറ എല്‍സിഎ മാര്‍ക്ക് 2 യുദ്ധവിമാനങ്ങള്‍ 2025 മാര്‍ച്ചോടെ പറന്ന് തുടങ്ങും. ഇവയുടെ വന്‍തോതിലുള്ള നിര്‍മ്മാണം 2029ഓടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ അഞ്ചാം തലമുറയിലുള്ള ഇടത്തരം യുദ്ധവിമാനങ്ങള്‍ 2035ഓടെ ഉത്പാദിപ്പിച്ച് തുടങ്ങുമെന്നാണ് വിവരം. പിനാകയ്‌ക്ക് ആവശ്യക്കാരേറുന്നതിനാൽ തന്നെ 2025 ന്‍റെ പകുതിയോടെ 120 കിലോമീറ്ററോളം ദൂരപരിധിയുള്ള ഗൈഡഡ് പിനാക റോക്കറ്റ് സിസ്റ്റം നിർമിക്കാനും ഡിആർഡിഒ പദ്ധതിയിടുന്നുണ്ട്.