ഹൈദരാബാദ്: സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്‍റ്, സൈബർ സുരക്ഷ, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റ മാനേജ്‌മെന്‍റ്, പ്രൊജക്‌ട് മാനേജ്‌മെന്‍റ്, സോഫ്റ്റ്‌വെയർ ഓപറേഷൻസ് എന്നീ മേഖലകളിൽ 2025ഓടെ സ്‌ത്രീകൾക്ക് തൊഴിൽ സാധ്യത വർധിക്കുമെന്ന് റിപ്പോർട്ടുകൾ. ഡിജിറ്റൽ സ്‌കിൽസ് ആൻഡ് സാലറി പ്രൈമർ 2024-25 പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2025 ആകുമ്പോഴേക്കും ഐടി മേഖലയിലെ വിവിധ വിഭാഗങ്ങളിൽ ഏകദേശം 21 ലക്ഷം തൊഴിലവസരങ്ങൾ ലഭിക്കും.
ഐടി മേഖലയിലെ 15,000-ലധികം തൊഴിലുകളെക്കുറിച്ചും അവയുടെ ഭാവി സാധ്യതകളെ കുറിച്ചും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. തൊഴിലുടമകൾ ആവശ്യപ്പെടുന്ന നൈപുണ്യം എന്താണെന്നും മാറുന്ന ടെക്‌നോളജിക്കനുസരിച്ചും തൊഴിലിടങ്ങളിലെ ആവശ്യങ്ങൾക്കനുസരിച്ചും തൊഴിലാളികൾക്ക് എങ്ങനെ നൈപുണ്യം വർധിപ്പിക്കാമെന്നും ഉൾക്കാഴ്‌ച നൽകുന്നതാണ് ഡിജിറ്റൽ സ്‌കിൽസ് ആൻഡ് സാലറി പ്രൈമറിന്‍റെ റിപ്പോർട്ടുകൾ.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡാറ്റ, സൈബർ സുരക്ഷ, ക്ലൗഡ് എന്നിവയിലെ പ്രധാന ജോലികൾക്ക് 8 ശതമാനം മുതൽ 15 ശതമാനം വരെ ശമ്പള വർധനവ് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. എഐ മേഖലയുടെ കുതിച്ചുചാട്ടം എഐ വിദഗ്‌ധരുടെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്. സാങ്കേതിക മേഖലയിൽ 19-20 ശതമാനം പുതിയ നിയമനങ്ങൾ (ഫ്രഷേഴ്‌സ്) നടക്കാനിടയുണ്ട്. 40 ശതമാനത്തോളം പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ആവശ്യമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2026ഓടെ 1.4 ദശലക്ഷം മുതൽ 1.9 ദശലക്ഷം വരെ ഡിജിറ്റൽ പ്രൊഫഷണലുകളുടെ ആവശ്യകത വർധിക്കും. സാങ്കേതിക മേഖലയിലെ പ്രൊഫഷണലുകളുടെ ലിംഗ വൈവിധ്യത്തിൽ 2025ഓടെ വലിയ മാറ്റം വരുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2022ൽ നിന്നും 2025 ആവുമ്പോഴേക്കും വനിത പ്രൊഫഷണലുകളുടെ എണ്ണം 16.8 ലക്ഷത്തിൽ നിന്ന് 21 ലക്ഷമാകും. പുരുഷ പ്രൊഫഷണലുകളുടെ എണ്ണം 34.2 ലക്ഷത്തിൽ നിന്ന് 38.9 ലക്ഷമായും വർധിക്കുമെന്നാണ് കണക്കുകൾ. അതേസമയം മൊത്തം ജീവനക്കാരുടെ എണ്ണം 59.9 ലക്ഷമായി ഉയരും.